ദുബൈയിൽ കേരളോത്സവം ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ
ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈ അൽ ഖിസൈസ് ക്രസൻറ് സ്കൂൾ ഗ്രൗണ്ടിലാണ് പരിപാടി നടക്കുക
ദുബൈ: യുഎ.ഇ ദേശീയദിനാഘോഷ ഭാഗമായി രണ്ടുദിവസം നീണ്ടുനിൽക്കുന്ന കേരളോൽസവം ദുബൈയിൽ നടക്കും. ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈ അൽ ഖിസൈസ് ക്രസൻറ് സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കുന്ന കേരളോൽസവം സംസ്ഥാന ടൂറിസം, പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കേരളീയ തനിമകളും നാട്ടുമുദ്രകളും വിപണിയും ഒരുമിച്ചു ചേരുന്ന അനുഭവമാകും കേരളോൽസവത്തിൽ ഉണ്ടാവുകയെന്ന് സംഘാടകർ ദുബൈയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പ്രസീതചാലക്കുടി, അതുൽ നറുകര എന്നിവരുടെ നേതൃത്വത്തിൽ ഗാനമേള അരങ്ങേറും. മെഗാ ശിങ്കാരി - പഞ്ചാരി മേളങ്ങളുടെ അകമ്പടിയോടെയുള്ള സാംസ്കാരിക ഘോഷയാത്രയും ഒരുക്കിയിട്ടുണ്ട്. സൈക്കിൾയജ്‌ഞം, തെരുവ് നാടകങ്ങൾ, കളരിപ്പയറ്റ്, പന്തംതിരി തുടങ്ങിയ നാടൻകലാരൂപങ്ങളും കേരളോൽസവത്തിന് പൊലിമ പകരും.
സാംസ്കാരിക സംവാദങ്ങൾ, പുസ്തകശാല, ചരിത്ര - പുരാവസ്തു പ്രദർശനം, ഫുട്ബാൾ ചരിത്ര പ്രദർശനം, നോർക്ക പവലിയൻ എന്നിവയും ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഒ. വി. മുസ്തഫ, എൻ.കെ. കുഞ്ഞഹമ്മദ്, സജീവൻ കെ. വി, റിയാസ്. സി. കെ, അനീഷ് മണ്ണാർക്കാട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.