കോവിഡ് നിയന്ത്രണങ്ങള്‍ ഫലപ്രദമെന്ന് അബൂദബി; രാത്രികാല സഞ്ചാര നിയന്ത്രണം തുടരും
പെരുന്നാൾ മുൻനിർത്തിയുള്ള ഒത്തുചേരലുകൾ നിയന്ത്രിക്കാനും നടപടികൾ സഹായിച്ചുവെന്നാണ് വിലയിരുത്തൽ
കോവിഡ് വ്യാപനം തടയാൻ പുതുതായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലപ്രദമെന്ന് അബൂദബി അധികൃതർ. പെരുന്നാൾ മുൻനിർത്തിയുള്ള ഒത്തുചേരലുകൾ നിയന്ത്രിക്കാനും നടപടികൾ സഹായിച്ചുവെന്നാണ് വിലയിരുത്തൽ. രാത്രികാല സഞ്ചാര നിയന്ത്രണം എത്ര നാൾ നീണ്ടുനിൽക്കും എന്നതിൽ തീരുമാനം ആയില്ല.
കോവിഡ് -വ്യാപനം പ്രതിരോധിക്കാൻ പ്രവേശന നടപടിക്രമങ്ങളും രാത്രികാല സഞ്ചാര നിയന്ത്രണവും കഴിഞ്ഞ ദിവസം മുതലാണ് അബൂദബിയിൽ പ്രാബല്യത്തിൽ വന്നത്. ആഘോഷ വേളയിൽ വൈറസ് വ്യാപനം പരിമിതപ്പെടുത്തുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ദേശീയ ദുരന്ത നിവാരണ സമിതി പുതിയ നടപടിക്രമങ്ങൾ കൈക്കൊണ്ടത്. അബൂദബിയിൽ പ്രവേശിക്കുന്ന മുഴുവൻ പേരും ഇപ്പോൾ വാക്സിനേഷൻ എടുത്തിരിക്കണം. രണ്ടു വാക്സിനേഷനെടുത്തവർ 48 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കയ്യില്‍ കരുതണം എന്നാണ് ചട്ടം.
രാത്രികാല സഞ്ചാര നിയന്ത്രണം ശക്തമായി നടപ്പാക്കി വരികയാണ് അബൂദബിയിൽ. മുൻകൂർ അനുമതി വാങ്ങിയവർക്ക് മാത്രമാണ് നിയമത്തിൽ ഇളവ് അനുവദിക്കുന്നത്. സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കും കർശന ചട്ടങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പെരുന്നാൾ അവധി കഴിയുന്നതോടെ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയേക്കും എന്നാണ് സൂചന.