'എണ്ണവില വർധന തടയാൻ നടപടി വേണം'; ഒപെക് നേതൃത്വത്തോട് ഇന്ത്യ
കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി, ഒപെക് സെക്രട്ടറി ജനറൽ ഹൈതം അൽ ഗൈസുമായി നടത്തിയ ചർച്ചയിലാണ് ആവശ്യം ഉന്നയിച്ചത്
അബൂദബി: ആഗോള വിപണിയിൽ ഇന്ധനവില കുത്തനെ ഉയരുന്നത് തടയാൻ ,ഫലപ്രദ നടപടികൾ വേണമെന്ന് എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിനോട് ഇന്ത്യ. വിപണിയുടെയും ഉപഭോക്താക്കളുടെയും താൽപര്യം മുൻനിർത്തി, ഉൽപാദന നയം തിരുത്താൻ ഒപെക് തയാറാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ വിലയിരുത്താൻ ഒപെക് മന്ത്രിതല സമിതി നാളെ യോഗം ചേരാനിരിക്കെയാണ് ഇന്ത്യയുടെ അഭ്യർഥന.
കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി, ഒപെക് സെക്രട്ടറി ജനറൽ ഹൈതം അൽ ഗൈസുമായി നടത്തിയ ചർച്ചയിലാണ് ആവശ്യം ഉന്നയിച്ചത്. അബൂദബിയിൽ തുടരുന്ന അഡിപെക് ഊർജ സമ്മേളനത്തിലും പ്രദർശനത്തിലും പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളിലൊന്ന് കൂടിയാണ് ഇന്ത്യ.
നിലവിലെ എണ്ണ വിലവർധന യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്ന് ഒപെക് സെക്രട്ടറി ജനറലിനു മുമ്പാകെ മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. ബാരലിന് എണ്ണവില നൂറ്ഡോളറിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇന്ത്യയുടെ ഇടപെടൽ. പണപ്പെരുപ്പവും വിലക്കയറ്റവും ഉയരുന്ന അവസ്ഥയാകും എണ്ണവില വർധനയിലൂടെ രൂപപ്പെടുക.
ഉപഭോക്തൃ രാജ്യങ്ങളെയും ജനതയെയും കണക്കിലെടുത്ത് വിവേകപൂർണമായ സമീപനം സ്വീകരിക്കാൻ എണ്ണ ഉൽപാദക രാജ്യങ്ങൾ തയാറാകണമെന്നും ഹർദീപ് സിങ് പുരി പറഞ്ഞു. കോവിഡ് കാലത്ത് എണ്ണവില കുത്തനെ ഇടിഞ്ഞപ്പോൾ ഉൽപാദക രാജ്യങ്ങളുടെ രക്ഷക്കായി ലോകം ഒന്നാകെ രംഗത്തിറങ്ങുകയായിരുന്നുവെന്നും മന്ത്രി ഒപെക് സെക്രട്ടറി ജനറലിനെ ധരിപ്പിച്ചു. ലോകം മറ്റൊരു സാമ്പത്തിക മാന്ദ്യത്തിെൻറ വക്കിൽ നിൽക്കെ, ഇറക്കുമതി രാജ്യങ്ങളോട് അനുഭാവം പുലർത്താൻ ഉൽപാദക രാജ്യങ്ങൾ തയാറാകണമെന്നാണ് ഇന്ത്യയുടെ ആവശ്യം.