എണ്ണ ഉൽപാദനം വെട്ടിച്ചുരുക്കൽ: സൗദിക്കെതിരെ തിരക്കിട്ട നടപടി ഉണ്ടാകില്ലെന്ന് അമേരിക്ക
കോൺഗ്രസ് പ്രതിനിധികളുമായി ആലോചിച്ച് ഇരുരാജ്യങ്ങൾക്കും ഒത്തുചേർന്നുള്ള പ്രവർത്തനത്തിന് രൂപം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എണ്ണ ഉൽപാദനം വെട്ടിച്ചുരുക്കാനുള്ള ഒപെക് തീരുമാനത്തിന്റെ പേരിൽ സൗദി അറേബ്യക്കെതിരെ തിരക്കിട്ട നടപടി ഉണ്ടാകില്ലെന്ന് അമേരിക്ക. എല്ലാ തലങ്ങളുമായും കൂടിയാലോചന നടത്തിയാകും മുന്നോട്ടുപോവുകയെന്ന് യു.എസ് നേതൃത്വം അറിയിച്ചു. സൗദി അറേബ്യക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഗൾഫ് രാജ്യങ്ങളടക്കം രംഗത്തുവന്ന സാഹചര്യത്തിലാണ് യു.എസ് മനംമാറ്റം.
അമേരിക്കയുടെ താൽപര്യങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും പരിഗണിച്ചു മാത്രമാകും നടപടിയെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവൻ പറഞ്ഞു. അതേസമയം റഷ്യക്കൊപ്പം ചേർന്ന് അമേരിക്കയുടെ താൽപര്യങ്ങൾക്കെതിരെയുള്ള നീക്കം മുൻനിർത്തി ബന്ധത്തിൽ പുനഃപരിശോധന നടത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
സി.എൻ.എൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് സുരക്ഷാ ഉപദേഷ്ടാവിന്റെ പ്രതികരണം. സൗദി അറേബ്യയുമായുള്ള ഭാവി ബന്ധം വേറിട്ട് പുനഃപരിശോധിക്കാൻ ബൈഡൻ തയാറല്ല. കോൺഗ്രസ് പ്രതിനിധികളുമായി ആലോചിച്ച് ഇരുരാജ്യങ്ങൾക്കും ഒത്തുചേർന്നുള്ള പ്രവർത്തനത്തിന് രൂപം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുരക്ഷാ സഹായം ഉൾപ്പെടെ സൗദിയുമായുള്ള പുതിയ സമീപനത്തിന് നിരവധി വഴികളുണ്ടെന്നും ജെയ്ക് സള്ളിവൻ വിശദീകരിച്ചു. തിരക്കിട്ട് സൗദി ബന്ധത്തിൽ നടപടിക്ക് അമേരിക്ക ഒരുക്കമല്ല. ആവശ്യത്തിന് സമയമെടുത്ത് എന്താണ് യു.എസ് താൽപര്യമെന്ന് വിലയിരുത്തി മാത്രമാകും തീരുമാനമെന്നും അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു.