കുവൈത്ത് ജനസംഖ്യയില്‍ വർധനവ്; രാജ്യത്തെ ജനസംഖ്യയുടെ 68 ശതമാനവും വിദേശികള്‍
9.3 ശതമാനം ജനസംഖ്യയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കുവൈത്തില്‍ വർധിച്ചത്
കുവൈത്ത് സിറ്റി: കുവൈത്തില്‍ ജനസംഖ്യയില്‍ വർധനവ്. രാജ്യത്തെ ജനസംഖ്യയുടെ 68 ശതമാനവും വിദേശികളാണ്. സ്വദേശികളുടെ എണ്ണത്തിലും നേരിയ വർധനയുണ്ട്. കുവൈത്തിലെ ജനസംഖ്യ 4.793 ദശലക്ഷത്തിലെത്തിയാണ്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ പുറത്തിറക്കിയ കണക്ക് അനുസരിച്ച് 4793000 മാണ് കുവൈത്തിലെ മൊത്തം ജനസംഖ്യ. ഇതില്‍ 15.16 ലക്ഷം സ്വദേശികളും 32.7 ലക്ഷം വിദേശികളുമാണ്. 31.65 ശതമാനം സ്വദേശികളും 68.35 ശതമാനം വിദേശികളും എന്നതാണ് ജനസംഖ്യയിലെ അനുപാതം.
9.3 ശതമാനം ജനസംഖ്യയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കുവൈത്തില്‍ വർധിച്ചത്. ഇതില്‍ ഭൂരിഭാഗവും പ്രവാസികളാണ്.വിദേശികളിൽ പത്ത് ലക്ഷത്തിലേറെ പേര്‍ ഇന്ത്യക്കാരാണ്. 379,491 വിദേശികളാണ് കഴിഞ്ഞ വര്ഷത്തിനിടെ പുതുതായി രാജ്യത്തെത്തിയത്. പുതിയ കണക്ക് പ്രകാരം സ്വദേശികളുടെ എണ്ണം 1.488 ദശലക്ഷത്തിൽ നിന്ന് 1.9 ശതമാനം വർധിച്ച് 1.517 ദശലക്ഷമായി. അതേസമയം 2022 അവസാനത്തോടെ സ്വദേശികളുടെ ജനസംഖ്യ 33.94 ശതമാനത്തിൽ നിന്ന് 31.65 ശതമാനമായി കുറഞ്ഞപ്പോള്‍ വിദേശികളുടെ ജനസംഖ്യ 66.05 ശതമാനത്തിൽ നിന്ന് 68.35 ശതമാനമായി വര്‍ദ്ധിച്ചു. രാജ്യത്തെ മൊത്തം മൊത്തം ജനസംഖ്യയുടെ 61.2 ശതമാനം പുരുഷൻമാരും, സ്ത്രീകള്‍ 38.2 ശതമാനവുമാണ്. 60 വയസും അതിൽ കൂടുതലുമുള്ള കുവൈത്തികളുടെ എണ്ണത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്തി.