മനുഷ്യക്കടത്ത് കേസിലെ പ്രതികൾക്ക് 10 വർഷം തടവ്
മനുഷ്യക്കടത്ത് കേസിലെ മൂന്ന് പ്രതികൾക്ക് 10 വർഷം തടവിന് വിധിച്ച് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി. മൂന്ന് ഏഷ്യൻ വംശജർ ചേർന്ന് ജോലി വാഗ്ദാനം നൽകി യുവതികളെ വിവിധ രാജ്യങ്ങളിൽനിന്ന് ബഹ്‌റൈനിലെത്തിച്ച ശേഷം അനാശാസ്യ പ്രവർത്തനങ്ങൾക്കായി നിർബന്ധിക്കുകയായിരുന്നു.
ഹോട്ടൽ ജോലിക്കെന്ന് പറഞ്ഞാണ് യുവതികളിൽനിന്ന് ഏജൻസി 1200 ദിനാർ വാങ്ങി ബഹ്‌റൈനിലേക്ക് വിസിറ്റിങ് വിസയും ടിക്കറ്റും നൽകിയത്. ഇവിടെ വന്നതിന് ശേഷം ഒരു ഫ്‌ളാറ്റിൽ താമസിപ്പിക്കുകയും ഇവരുടെ പാസ്‌പോർട്ട് പ്രതികൾ കൈവശപ്പെടുത്തി. പിന്നീട് ഉപഭോക്താക്കളെ എത്തിച്ച് ഇവരെ അനാശാസ്യത്തിന് ഉപയോഗപ്പെടുത്തുകയുമായിരുന്നു.
യുവതികളെ പ്രതികളിലൊരാൾ ശാരീരിക പീഡനമേൽപ്പിക്കുകയും ചെയ്തതായി പരാതിയുണ്ട്. അനാശാസ്യത്തിനെത്തിയ ഉപഭോക്താവാണ് ഇവരുടെ അവസ്ഥ മനസ്സിലാക്കി ഫ്‌ളാറ്റിൽനിന്ന് രക്ഷപ്പെടാൻ സഹായിച്ചത്. ഫേസ്ബുക്ക് വഴി യുവതികളുടെ രാജ്യത്തിന്റെ എംബസി അധികൃതർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതികളെ തിരിച്ചുവരാനാവാത്ത വിധം ബഹ്‌റൈനിൽനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.