ബഹ്‌റൈനില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ 48 മണിക്കൂര്‍ തുടര്‍ച്ചയായ പരിശ്രമം
പലയിടങ്ങളിലും വെള്ളക്കെട്ടിന് ഇതേവരെ ശമനമായിട്ടില്ല
രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ വെളളം കെട്ടി നിൽക്കുന്ന റോഡുകളിൽ നിന്നും പ്രദേശങ്ങളിൽ നിന്നും വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് 48 മണിക്കൂർ തുടർച്ചയായ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതായി പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രാലയം അറിയിച്ചു.
30 ദശലക്ഷം ടൺ വെള്ളമാണ് ഒഴിവാക്കിയത്. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ജീവനക്കാരും മുനിസിപ്പൽ അധികാരികളും ചേർന്നാണ് പ്രവർത്തനങ്ങൾ നേതൃത്വം നൽകിയത്. പലരും വിശ്രമവും ഉറക്കവും ഒഴിവാക്കിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് പമ്പുപയോഗിച്ച് വെള്ളം വലിച്ചെടുക്കുന്ന പ്രവർത്തനം രണ്ട് ദിവസമായി തുടരുന്നുണ്ട്.
ജനവാസ പ്രദേശങ്ങളിലും ഉദ്യോഗസ്ഥർ നേരിട്ടെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പല സ്ഥലങ്ങളിൽ നിന്നും സഹായമാവശ്യപ്പെട്ട് വിളി വരുന്ന മുറക്ക് പമ്പുകളും സംവിധാനങ്ങളുമായി ജീവനക്കാരെ അയക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ദൗത്യം പൂർത്തിയാക്കുന്നതു വരെ വിശ്രമമില്ലാതെ പ്രവർത്തനം നടത്തുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. പലയിടങ്ങളിലും വെള്ളക്കെട്ടിന് ഇതേവരെ ശമനമായിട്ടില്ല.