25 വര്‍ഷത്തെ പ്രവാസത്തിനൊടുവില്‍ ശശിധരന്‍ നാടണഞ്ഞു

മതിയായ രേഖകളില്ലാതെ ബുദ്ധിമുട്ടിയ ഈ വയോധികന് ഒരുപിടി നല്ല മനുഷ്യരാണ്ഒടുവില്‍ സഹായവുമായെത്തിയത്

Update: 2021-12-23 11:46 GMT
Advertising

കുടുംബത്തിനു വേണ്ടി കടല്‍കടന്നെത്തി പിന്നീട് നാട്ടിലേക്ക് തിരികെപ്പോകാന്‍ കഴിയാതെ 25 വര്‍ഷത്തോളം ബഹ്റൈനില്‍ തങ്ങേണ്ടിവന്ന ശശിധരന് ഇനി ആശ്വാസത്തിന്റെ ദിനങ്ങള്‍. പ്രവാസി സാമൂഹിക പ്രവര്‍ത്തകരുടെയും ചില സുമനസ്സുകളുടേയും പരിശ്രമ ഫലമായാണ് ഈ 63 കാരന്‍ ഒടുവില്‍ ചൊവ്വാഴ്ചയോടെ ഉറ്റവരുടെ അടുത്തേക്ക് തിരിച്ചത്.

1996ല്‍ ബഹറൈനിലെത്തിയ ശശിധരന്‍ പുല്ലോട്ടിന് ജീവിതത്തിലെ ഏറ്റവും കൈപ്പേറിയ അനുഭവങ്ങളാണ് പ്രവാസം സമ്മാനിച്ചത്. സ്പോണ്‍സര്‍ പാസ്പോട്ട് പിടിച്ചെടുത്തതോടെയാണ് ശശിധരന്റെ ജീവിതം ദുരിതപൂര്‍ണമായത്. പ്രായത്തിന്റെ പ്രയാസങ്ങളും ആരോഗ്യപ്രശ്നങ്ങളുമേറിയതോടെ വീടണയാനുള്ള വഴികളെല്ലാം തേടി അലയുകയായിരുന്നു അദ്ദേഹം.

മതിയായ രേഖകളില്ലാതെ ബുദ്ധിമുട്ടിയ ഈ വയോധികന് ഒടുവില്‍ സഹായവുമായെത്തിയത് ഒരുപിടി നല്ല മനുഷ്യരാണ്.സുധീര്‍ തിരുനിലത്തിന്റെ നേതൃത്വത്തിലുള്ള വേള്‍ഡ് എന്‍.ആര്‍.ഐ കൗണ്‍സില്‍ മിഡില്‍ഈസ്റ്റ് വിഭാഗത്തിലെ സാമൂഹിക പ്രവര്‍ത്തകരും കോഴിക്കോട് ജില്ലാ പ്രവാസി ചാരിറ്റി വിങ് ജോ.കണ്‍വീനര്‍ വേണു വടകരയുടേയും നേതൃത്വത്തില്‍ നടത്തിയ പരിശ്രമങ്ങള്‍ ഒടുവില്‍ ഫലം കാണുകയായിരുന്നു.

കൊവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ രാജന്‍ പുതുക്കുടി എന്ന മറ്റൊരു പ്രവാസിയാണ് ഭക്ഷണവും താമസസൗകര്യവുമൊരുക്കി ശശിധരനെ സംരക്ഷിച്ചത്. ഇന്ത്യന്‍ അംബാസഡറുമായി സുധീര്‍ നടത്തിയ ചര്‍ച്ചയാണ് കോഴിക്കോട് വടകരയിലെ ബന്ധുക്കളുടെയടുത്തേക്ക് പറക്കാന്‍ ശശിധരന് വഴിയൊരുക്കിയത്.

ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് വാസ്തവയ്ക്കും തന്നെ ഇതുവരെ സഹായിച്ച മുഴുവന്‍ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നിറകണ്ണുകളോടെ നന്ദിയര്‍പ്പിച്ചാണ് ശശിധരന്‍ നാട്ടിലേക്കു തിരിച്ചത്.

ഈയടുത്തായി, ഇത്തരത്തില്‍ പ്രയാസപ്പെടുന്ന നിരവധി പ്രവാസികളാണ് ഇത്തരം സാമൂഹിക സംഘടനകളുടെ പരിശ്രമങ്ങളുടെ ഫലമായി നാട്ടിലെ ഉറ്റവരുടെ അടുത്തേക്ക് ആശ്വാസത്തോടെ വിമാനം കയറിയത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News