ബഹ്‌റൈനിൽ നിയമം ലംഘിച്ച് മത്സ്യം കയറ്റുമതി ചെയ്യുന്ന കമ്പനികൾക്കെതിരെ നടപടി
നിയമം ലംഘിച്ച് മത്സ്യം കയറ്റുമതി ചെയ്ത 10 കേസുകളിൽ ഏപ്രിൽ 17ന് വിധി പ്രസ്താവിക്കുമെന്ന് കോടതി
മനാമ:ബഹ്‌റൈനിൽ നിയമം ലംഘിച്ച് മത്സ്യം കയറ്റുമതി ചെയ്യുന്ന കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ശൂറ കൗൺസിൽ, പാർലമെൻറ് കാര്യ മന്ത്രി ഗാനിം ബിൻ ഫദ്ൽ അൽ ബൂഐനൈൻ വ്യക്തമാക്കി. ബഹ്‌റൈനിൽ മത്സ്യം കയറ്റുമതി ചെയ്യുന്ന 27 കമ്പനികളാണ് നിലവിലുള്ളത്. തദ്ദേശീയമായി മത്സ്യത്തിന് ക്ഷാമം നേരിടുന്നതിനാൽ ബഹ്‌റൈന് പുറത്തേക്ക തദ്ദേശീയ മത്സ്യങ്ങൾ കയറ്റുമതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നിയമ നടപടികളെ കുറിച്ച് മന്ത്രി സൂചന നൽകിയത്.
അതേസമയം, ബഹ്‌റൈനിൽ നിയമം ലംഘിച്ച് മത്സ്യം കയറ്റുമതി ചെയ്ത 10 കേസുകളിൽ ഏപ്രിൽ 17ന് വിധി പ്രസ്താവിക്കുമെന്ന് ആറാം ലോവർ ക്രിമിനൽ കോടതി വ്യക്തമാക്കി. 13 കേസുകളിൽ ഏപ്രിൽ എട്ടിന് വിധി പറയുമെന്നായിരുന്നു നേരത്തെയുള്ള സൂചന. മൊത്തം 25 കേസുകളാണ് ഇത് സംബന്ധമായി ഇത് വരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഉടമകളും മാനേജർമാരുമാണ് ഇതിന്റെ പേരിൽ വിചാരണക്ക് വിധേയമാവുന്നത്. സമുദ്ര, മത്സ്യ സമ്പത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കയറ്റുമതി നിരോധമേർപ്പെടുത്തിയിട്ടുള്ളത്.