പുരസ്‌കാരത്തുക നിർധന കുടുംബത്തിന്; രണ്ടുലക്ഷം രൂപ നൽകി എം.എ യൂസഫലി
വിശ്വകലാപുരസ്‌കാരത്തിന്റെ സമ്മാനത്തുകയായ അഞ്ചുലക്ഷം രൂപ നിർധന കുടുംബത്തിന് വീടുവെച്ചുകൊടുക്കാനായി വിനിയോഗിക്കാനുള്ള സൂര്യ കൃഷ്മമൂർത്തിയുടെ തീരുമാനത്തെ പിന്തുണച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി.
സൂര്യ കൃഷ്ണമൂർത്തിയുടെ ഉദ്യമത്തിന് സഹായകരമായി രണ്ടുലക്ഷം രൂപ നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ലുലു റീജിയണൽ ഓഫിസിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഡയരക്ടർ ജൂസർ രൂപാവാല രണ്ട് ലക്ഷം രൂപയുടെ ചെക്ക് സൂര്യ കൃഷ്ണമൂർത്തിക്ക് കൈമാറുകയും ചെയ്തു.
സൂര്യ സ്റ്റേജ് ആന്റ് ഫിലിം സൊസൈറ്റി എന്ന കലാപ്രസ്ഥാനത്തിന്റെ അമരക്കാരനും ലൈറ്റ് ആൻഡ് ഷെയ്ഡ് ഷോകളുടെ കുലപതിയുമായ സൂര്യ കൃഷ്ണമൂർത്തിക്ക് കേരളീയ സമാജത്തിന്റെ വിശ്വകലാപുരസ്‌കാരം സമ്മാനിക്കുന്ന വേളയിലാണ് പുരസ്‌കാരത്തുക കാരണ്യപ്രവർത്തനത്തിനായി വിനിയോഗിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.
വേദിയിൽ സന്നിഹിതനായ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി രണ്ട് ലക്ഷം രൂപ നൽകാനുള്ള തീരുമാനം കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ളയെ അറിയിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം ഇക്കാര്യം വേദിയിൽ പ്രഖ്യാപിക്കുകയും ചെയ്തു.