ബഹ്‌റൈന്‍ എയർപോർട്ട് പുതിയ പാസഞ്ചർ ടെർമിനലിന്‍റെ അന്തിമഘട്ട പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തി
ബഹ്‌റൈന്‍ എയർപോർട്ട് പുതിയ പാസഞ്ചർ ടെർമിനലിന്‍റെ അന്തിമ ഘട്ട നിർമാണ പ്രവർത്തനങ്ങൾ ഗതാഗത, വാർത്താ വിനിമയ കാര്യ മന്ത്രി കമാൽ ബിൻ അഹ്മദ് മുഹമ്മദിന്‍റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. 2021 ഫെബ്രുവരിയിലാണ് അന്തിമ ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. നിർണിത കാലാവധിക്കുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാവുമെന്ന പ്രതീക്ഷ മന്ത്രി പങ്കുവെച്ചു.
പദ്ധതിയുടെ കൺസൾട്ടൺസിയായ ഹിൽ ഇന്‍റർനാഷണലിന്‍റെ പ്രതിനിധികളും നിർമാണ പ്രവർത്തനം ഏറ്റെടുത്ത് നടത്തുന്ന കോൺട്രാക്ടിങ് കമ്പനി പ്രതിനിധികളും മന്ത്രിയെ അനുഗമിച്ചിരുന്നു. നിർമാണ പ്രവർത്തനങ്ങൾ 80 ശതമാനം പൂർത്തിയായതായി വിലയിരുത്തുകയും 2022 രണ്ടാം പാദത്തിൽ പദ്ധതി പൂർത്തിയാവുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
എയർ ബസ് 380 ഇനം വിമാനങ്ങൾക്കായുള്ള ഏഴ് എയർ ബ്രിഡ്ജുകളുമായി ബന്ധിപ്പിക്കുന്ന മൂന്ന് ഡിപ്പാർച്ചർ ഗേറ്റുകളും വിമാന ഇന്ധന വിതരണ പദ്ധതിയും ഇതിന്‍റെ ഭാഗമാണ്. പുതിയ പാസഞ്ചർ ടെർമിനലിന്‍റെ ദൈനം ദിന പ്രവർത്തനങ്ങളെ ബാധിക്കാതെ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുന്നത് നേട്ടമാണ്. ഇതിന് ചുക്കാൻ പിടിക്കുന്ന കമ്പനികൾക്ക് അദ്ദേഹം പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.