57ാമത് അറബ് ആരോഗ്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ ബഹ്‌റൈന്‍ പങ്കെടുത്തു
ജനീവയിലെ യു.എന്‍ ആസ്ഥാനത്ത് നടക്കുന്ന 57ാമത് അറബ് ആരോഗ്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ ബഹ്‌റൈന്‍ ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് പങ്കെടുത്തു. അറബ്, ജര്‍മന്‍ സമ്മേളനവും എക്‌സിബിഷനും അടുത്ത വര്‍ഷം ബഹ്‌റൈനില്‍ സംഘടിപ്പിക്കാനുള്ള തീരുമാനത്തെ സമ്മേളനം സ്വാഗതം ചെയ്തു.
വിവിധ അറബ് രാജ്യങ്ങളില്‍ നിന്നും ജര്‍മനിയില്‍ നിന്നുമുള്ള മരുന്ന് നിര്‍മാണ കമ്പനികളുടെ സാന്നിധ്യവും പ്രദര്‍ശനവുമാണ് എക്‌സിബിഷനില്‍ ഒരുക്കുന്നത്. ഫലസ്തീനിലെ ആരോഗ്യ അവസ്ഥയെക്കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്തു. ഖുദുസ്, ജൂലാന്‍ കുന്നുകള്‍, അധിനിവിഷ്ട സിറിയ, ആരോഗ്യ വളര്‍ച്ചക്കായുള്ള അറബ് ഫണ്ട്, രക്തം കൈമാറ്റം ചെയ്യാനുള്ള അറബ് സേവന അതോറിറ്റി പ്രവര്‍ത്തനം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി. നഴ്‌സിങ് മേഖലയില്‍ അറബ് രാജ്യങ്ങളില്‍ കൈവരിക്കേണ്ട പുരോഗതിയെക്കുറിച്ചുള്ള നിര്‍ദേശങ്ങളും അവതരിപ്പിക്കപ്പെട്ടു.