ഗൾഫ് മാധ്യമം ബഹ്‌റൈൻ ബീറ്റ്‌സ് ശ്രദ്ധേയമായി; കാണികളുടെ മനം കവർന്ന് ഗായകരും താരങ്ങളും
പുതു തലമുറയുടെ സംഗീതാഭിരുചികളും കേരളത്തിന്റെ കലാ പാരമ്പര്യവും അനാവരണം ചെയ്തായിരുന്നു വേറിട്ട കലാവിരുന്ന്
ബഹ്റൈനിൽ ഗൾഫ് മാധ്യമം സംഘടിപ്പിച്ച 'ബഹ്റൈൻ ബീറ്റ്സ്' മെഗാ മ്യുസിക്കൽ ആന്‍റ് എന്റർടൈൻമെന്‍റ് കലാസ്വാദകരുടെ വിപുലമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പുതു തലമുറയുടെ സംഗീതാഭിരുചികളും കേരളത്തിന്റെ കലാ പാരമ്പര്യവും അനാവരണം ചെയ്തായിരുന്നു വേറിട്ട കലാവിരുന്ന്.
ഗൾഫ്മാധ്യമം' ക്രൗൺ പ്ലാസയിൽ സംഘടിപ്പിച്ച ബഹ് റൈൻ ബീറ്റ്സ് സംഗീത കലാ നിശ ഉള്ളടക്കത്തിൽ മികവ് പുലർത്തിയാണ് സംഗീതാസ്വാദകരുടെ മനം കവർന്നത്. സർക്കാർ പ്രതിനിധികളും സ്വദേശി പ്രമുഖരടക്കം ബഹ് റൈനിലെ സാംസ്കാരിക, സാമൂഹിക, ബിസിനസ്സ് മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ പ്രൗഢമായ ചടങ്ങിലായിരുന്നു ഉദ്ഘാടന സെഷൻ. ബഹ്‌റൈൻ ടൂറിസം ആന്റ് എക്‌സിബിഷൻ അതോറിറ്റി ടൂറിസം കൺസൾട്ടന്റ് ഡോ. അലി ഫുല്ലാദ് വേദിയിലെ ഡിജിറ്റൽ സ്ക്രീനിൽ ബഹ് റൈൻ ബീറ്റ്സ് ലോഗോ തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.
മാധ്യമം ആന്റ് ഗൾഫ് മാധ്യമം ഗ്ലോബൽ ഹെഡ് - ബിസിനസ് ഓപ്പറേഷൻസ് മുഹമ്മദ് റഫീഖ് ആമുഖ ഭാഷണം നടത്തി. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇഹ്‌ജാസ് അസ്‌ലം, സൈൻ ബഹ്‌റൈൻ ചീഫ് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻവെസ്റ്റർ റിലേഷൻസ് ഓഫിസർ ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. ജി.സി.സിയിലെ പ്രമുഖ വ്യവസായിയും യുനൈറ്റഡ് ആർക്ക് കോൺട്രാക്ടിങ് കമ്പനി എം.ഡിയുമായ ഡോ. ഹസൻ മുഹമ്മദ് മേദർ മൻസിലിന് 'ഗൾഫ് മാധ്യമം' ബിസിനസ് എക്സലൻസ് പുരസ്കാരം സൈൻ ബഹ്‌റൈൻ ചീഫ് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻവെസ്റ്റർ റിലേഷൻസ് ഓഫിസർ ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് അൽ ഖലീഫ സമ്മാനിച്ചു.
ഉണ്ണി മേനോനെയും രമേശ് പിഷാരടിയെയും ആർ.പി ഗ്രൂപ്പ് ഓഫ് കമ്പനി പ്രതിനിധി ചന്ദൻ ഷേണായി ആദരിച്ചു. തൻറെ സംഗീത സപര്യയിലെ വിവിധ കാലഘട്ടങ്ങളിലെ ഇഷ്ട ഗാനങ്ങളിലൂടെ സഞ്ചരിച്ച് ഗായകൻ ഉണ്ണിമേനോൻ ആസ്വാദകമനസ്സുകൾക്ക് ഹരം പകർന്നു. യുവഗായകനിരയിലെ അദ്വിതീയരായ ചിത്ര അരുണും ആൻ ആമിയും പഴയതും പുതിയതുമായ ഗാനങ്ങളാൽ വേദിയെ സമ്പന്നമാക്കിയപ്പോൾ റിയാലിറ്റി ഷോകളിലൂടെ തരംഗമായ വൈഷ്ണവ് ഗിരീഷും ജാസിം ജമാലും പാട്ടിൻറെ പുതുവഴികളിലൂടെ കാണികളെ ആവേശം കൊള്ളിച്ചു. ഗ്രാമി പുരസ്കാര ജേതാവ് മനോജ് ജോർജിൻറെ കലാവിരുന്നും രമേഷ് പിഷാരടിയുടെ നർമം കലർന്ന അവതരണങ്ങളും ആസ്വാദ്യകരമായി . പുതുമയാർന്ന അവതരണവൂമായി അശ്വന്ത് അനിൽകുമാർ അനുകരണകലക്ക് പുതിയ ഭാവങ്ങൾ പകർന്നു.