ആരോഗ്യ മേഖല ഏറെ മുന്നേറിയതായി ബഹ്‌റൈൻ മന്ത്രിസഭ
ബഹ്‌റൈനിലെ പാർപ്പിട പദ്ധതികൾ സ്വകാര്യ മേഖലയുമായി ചേർന്ന് ശക്തിപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു
മനാമ: രാജ്യത്തെ ആരോഗ്യ മേഖല ഏറെ മുന്നേറിയതായി ബഹ്‌റൈൻ മന്ത്രിസഭാ യോഗം വിലയിരുത്തി. ഈ മേഖലയിൽ സേവനം ചെയ്യുന്നവരുടെ ആത്മാർഥമായ പ്രവർത്തനങ്ങൾ ഏറെ പ്രസ്താവ്യമാണെന്നും കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു.
പൊതുജനാരോഗ്യ നിലവാരം കാത്തു സൂക്ഷിക്കുന്നതിന് വ്യക്തി തലത്തിലുള്ള ആരോഗ്യ പരിചരണവും ആരോഗ്യ ബോധവും അനിവാര്യമാണെന്ന് ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച ചർച്ചയിൽ കാബിനറ്റ് അഭിപ്രായപ്പെട്ടു. ബഹ്‌റൈനിലെ പാർപ്പിട പദ്ധതികൾ സ്വകാര്യ മേഖലയുമായി ചേർന്ന് ശക്തിപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. വർധിച്ചുവരുന്ന പാർപ്പിടാവശ്യം വേഗത്തിൽ പൂർത്തീകരിക്കുന്നതിന് ഇതനിവാര്യമാണ്. സിത്രയിലെ പുതിയ പാർപ്പിട പദ്ധതി ഗുണഭോക്താക്കൾക്ക് കൈമാറിയ പശ്ചാത്തലത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്.
ലോകത്ത് സമാധാനവും ശാന്തിയും സാധ്യമാക്കുന്നതിന് സംവാദങ്ങളിലൂന്നിയ സഹവർത്തിത്വത്തിന് സാധ്യമാകുമെന്ന് ലോക മനഃസാക്ഷി ദിനമായി ആചരിക്കുന്ന വേളയിൽ കാബിനറ്റ് വിലയിരുത്തി. മുൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ നിർദേശ പ്രകാരം ഏപ്രിൽ അഞ്ച് ലോക മനഃസാക്ഷി ദിനമായി ആചരിക്കാൻ യു.എൻ തീരുമാനിച്ചിരുന്ന കാര്യവും കാബിനറ്റ് ചൂണ്ടിക്കാട്ടി. നശീകരണായുധങ്ങൾ നിരോധിക്കുന്നവയുമായി ബന്ധപ്പെട്ട ദേശീയ സമിതി യോഗ തീരുമാനങ്ങൾ കാബിനറ്റിൽ അവതരിപ്പിച്ചു. ബഹ്‌റൈൻ യുവജന ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചതിന്റെ റിപ്പോർട്ടും വിവിധ മന്ത്രിമാരുടെ വിദേശ രാജ്യങ്ങളിലെ സന്ദർശനവും അവിടങ്ങളിൽ നടന്ന പരിപാടികളിലെ പങ്കാളിത്തവും സംബന്ധിച്ച റിപ്പോർട്ടും സഭയിൽ അവതരിപ്പിച്ചു.