ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവൽ ഇന്നു മുതൽ
എല്ലാവർഷവും നടക്കാറുള്ള ബഹ്‌റൈൻ ഫുഡ് ഫെസ്റ്റിവലിന്റെ ഏഴാമത് എഡിഷൻ ഇന്നു മുതൽ മറാസി ബീച്ചിൽ തുടങ്ങും. ഫെസ്റ്റിവൽ മാർച്ച് 20 വരെ തുടരും. സാധാരണ ദിവസങ്ങളിൽ വൈകുന്നേരം അഞ്ചുമുതൽ 11 വരെയും വ്യാഴം മുതൽ ശനി വരെ ദിവസങ്ങളിൽ അഞ്ചു മുതൽ അർധരാത്രി വരെയും ഫുഡ് ഫെസ്റ്റിവലിലേക്ക് പ്രവേശനമുണ്ടായിരിക്കും.
ഫോർമുല വൺ മത്സരങ്ങൾ കാണാനെത്തുന്ന സന്ദർശകരെ കുടുതൽ ദിവസങ്ങൾ പ്രദേശത്ത് തങ്ങാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ബഹ്‌റൈൻ ടൂറിസം ആന്റ് എക്‌സിബിഷൻ അതോറിറ്റി അറിയിച്ചു.
ഫോർമുല വണ്ണിനെത്തിയ സന്ദർശകരുടെ എണ്ണം മുൻവർഷത്തേക്കാൾ 50 ശതമാനത്തിലധികം ഉയർന്നിട്ടുണ്ട്. ഹോട്ടൽ ബുക്കിങ്ങുകളുടെ എണ്ണമനുസരിച്ചാണ് ഇത് കണക്കാക്കിയത്. ഗ്രാൻഡ് പ്രീ പോലുള്ള ഇവന്റുകൾ വഴി ലോകത്തെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി ബഹ്‌റൈൻ മാറിയിരിക്കുകയാണെന്ന് അതോറിറ്റി അറിയിച്ചു.
രാജ്യത്തെ കരകൗശല വിദഗ്ധരുടെ പ്രാഗല്ഭ്യം സഞ്ചാരികൾക്കു മനസ്സിലാക്കിക്കൊടുക്കാനുള്ള പദ്ധതികളുൾപ്പടെ ആസൂത്രണം ചെയ്തിട്ടുണ്ട്. നാടിന്റെ സംസ്‌കാരത്തിനനുയോജ്യമായ പരിപാടികളാണ് ഗ്രാൻഡ്പ്രിയോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം 99 ലക്ഷം വിനോദസഞ്ചാരികൾ ബഹ്‌റൈനിലെത്തിയെന്നാണ് കണക്ക്. ടൂറിസത്തിൽനിന്നും അനുബന്ധ ഇനങ്ങളിൽനിന്നും 150 കോടി ദിനാറിന്റെ വരുമാനം ലഭിച്ചു.