ബഹ്റൈന്‍ ദേശീയ ദിനം: വൈവിധ്യമാർന്ന ആഘോഷ പരിപാടികള്‍ അരങ്ങേറി
പരമ്പരാഗത കലാവിഷ്കാരങ്ങളും സാംസ്കാരിക സദസ്സുകളുമൊരുക്കിയാണു ദേശീയ ദിനത്തെ സ്വാഗതം ചെയ്യുന്നത്
ദേശീയ ദിനത്തിന്‍റെ മുന്നോടിയായി ബഹ്റൈനിന്‍റെ വിവിധ ഭാഗങ്ങളിൽ വൈവിധ്യമാർന്ന ആഘോഷ പരിപാടികള്‍ അരങ്ങേറി. രാജ്യത്തിന്‍റെ വ്യത്യസ്ത പ്രദേശങ്ങളിലായി പരമ്പരാഗത കലാവിഷ്കാരങ്ങളും സാംസ്കാരിക സദസ്സുകളുമൊരുക്കിയാണു ദേശീയ ദിനത്തെ സ്വാഗതം ചെയ്യുന്നത്.
ദേശീയ ദിനാഘോഷത്തിന്‍റെ മുന്നോടിയായി വിവിധ ഗവർണറേറ്റുകളിലായി നടന്ന സാംസ്കാരിക പരിപാടികളിൽ പ്രമുഖ വ്യക്തിത്വങ്ങളാണു പങ്കെടുത്തത്. ദക്ഷിണ മേഖല ഗവർണറേറ്റിന് കീഴിൽ സല്ലാഖിൽ ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ ആൽ ഖലീഫ, ഉപ ഗവർണർ ബ്രിഗേഡിയർ ഈസ ഥാമിർ അദ്ദൂസരി എന്നിവരും പ്രദേശത്തെ പ്രമുഖരും സന്നിഹിതരായിരുന്നു. ബഹ്റൈൻ പാരമ്പര്യവും സംസ്കാരവും അടയാളപ്പെടുത്തുന്നതും രാജ്യത്തിന്‍റെ മഹിതമായ ചരിത്രം അടയാളപ്പെടുത്തുന്നതുമായ പരിപാടികളാണ് വിവിധയിടങ്ങളിൽ സംഘടിപ്പിച്ചത്. ദേശീയബോധമുണർത്തുന്ന പരേഡുകളോടൊപ്പം ദേശ സ്നേഹം ചാലിച്ച കവിതകളുമായി കവികളും അണിനിരന്നു.
ബഹ്റൈൻ കൾച്ചറൽ വില്ലേജിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അന്നുഐമി, ഹമദ് രാജാവിന്‍റെ മാധ്യമ ഉപദേഷ്ടാവ് നബീൽ ബിൻ യഅ്ഖൂബ് അൽ ഹമർ എന്നിവർ സന്നിഹിതരായിരുന്നു. രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്ക് പ്രമുഖർ ചടങ്ങുകളിൽ ആശംസകൾ നേർന്നു. വിവിധ ഗവർണറ്റേുകളും മുനിസിപ്പൽ കൗൺസിലുകളുമായി സഹകരിച്ച് ദേശീയ ദിനാഘോഷ പരിപാടികൾ വർണാഭവും ദീപാലംകൃതവുമാക്കാൻ ബഹ്റൈൻ എക്സിബിഷൻ ആന്‍റ് ടൂറിസം അതോറിറ്റിയാണ് നേത്യത്വം നൽകുന്നത്.
'ബഹ്റൈനുനാ'-നമ്മുടെ ബഹ്റൈൻ എന്ന പ്രമേയത്തിൽ 'ലയാലി മുഹറഖ്' എന്ന പേരിൽ മുഹറഖിലെ വിവിധ പ്രദേശങ്ങളിലും ബഹ്റൈൻ ഫോർട്ടിലും വൈവിധ്യമാർന്ന പരിപാടികൾ നടന്നു. പാരമ്പര്യ, സാംസ്കാരിക അതോറിറ്റിയുമായി സഹകരിച്ച് ബഹ്റൈൻ ടൂറിസം ആന്‍റ് എക്സിബിഷൻ അതോറിറ്റിയുടെ നേത്യത്വത്തിൽ ദേശീയ അവബോധം ശക്തിപ്പെടുത്തുന്നതിനുതകുന്ന വിവിധ പരിപാടികൾ തുടർ ദിവസങ്ങളിൽ സംഘടിപ്പിക്കും. ബഹ്റൈന്‍റെ ചരിത്രവും പാരമ്പര്യവും ഉണർത്തുന്ന കലാപരിപാടികളും പൊലീസ് ബാന്‍റ് അടക്കമുള്ള സംഗീതാവിഷ്കാരങ്ങളും വെടിക്കെട്ടുകളും ആഘോഷത്തിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.