അതീഖ് അഹ്മദിനെയും സഹോദരനെയും കൊലപ്പെടുത്തിയ സംഭവത്തെ ബഹ്‌റൈൻ പാർലമെൻറ് അപലപിച്ചു
ഇന്ത്യൻ സമൂഹം ഗൾഫ് രാജ്യങ്ങളിൽ അനുഷ്ഠാനങ്ങൾ ആചരിച്ച് സുരക്ഷയോടെയും സമാധാനത്തോടെയുമാണ് ജീവിക്കുന്നതെന്നും ഇന്ത്യയിൽ മുസ്‌ലിംകൾക്ക് നേരെ ആക്രമണം നടക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും പാർലമെന്റ് ഉപാധ്യക്ഷൻ
മനാമ: ഇന്ത്യൻ മുൻ എം.പി അതീഖ് അഹ്മദിനെയും അദ്ദേഹത്തിന്റെ സഹോദരനെയും പൊലീസിന്റെ സാന്നിധ്യത്തിൽ കൊലപ്പെടുത്തിയ സംഭവത്തെ ബഹ്‌റൈൻ പാർലമെൻറ് അപലപിച്ചു. മനുഷ്യത്വത്തിനും സഹവർത്തിത്വ മൂല്യങ്ങൾക്കും എതിരാണ് സംഭവമെന്ന് പാർലമെൻറ് വിലയിരുത്തി.
ഇന്ത്യൻ മുസ്‌ലിംകളുടെ ജീവനും സ്വത്തിനും അവരുടെ ആരാധനാലയങ്ങൾക്കും നേരെ തീവ്രവാദ ഗ്രൂപ്പുകൾ അക്രമം ആവർത്തിച്ചു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഇത് അവസാനിപ്പിക്കാൻ ഇന്ത്യൻ ഭരണകൂടം ഇടപെടണമെന്നും പ്രതികളെ നിയമത്തിന് മുന്നിൽ ഹാജരാക്കണമെന്നും പ്രതിഷേധക്കുറിപ്പിൽ പാർലമെന്റ് ആവശ്യപ്പെട്ടു. ഇന്ത്യൻ സമൂഹം ഗൾഫ് രാജ്യങ്ങളിൽ അനുഷ്ഠാനങ്ങൾ ആചരിച്ച് സുരക്ഷയോടെയും സമാധാനത്തോടെയുമാണ് ജീവിക്കുന്നതെന്നും ഇന്ത്യയിൽ മുസ്‌ലിംകൾക്ക് നേരെ ആക്രമണം നടക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും പാർലമെന്റ് ഉപാധ്യക്ഷൻ അഹ്മദ് അബ്ദുൽ വാഹിദ് ഖറാത്ത പറഞ്ഞു.
ഇന്ത്യയിൽ മുസ്‌ലിംകൾക്ക് ഉണ്ടാകുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കാൻ എല്ലാ ഗൾഫ് രാജ്യങ്ങളും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബഹ്‌റൈനും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ബഹ്റൈൻ പാർലമെന്റ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ട അതീഖ് അഹ്മദിന്റെ കുടുംബത്തിന് അനുശോചനമറിയിക്കുകയും ചെയ്തു.
Bahrain parliament condemned the killing of Ateeq Ahmad and his brother