യു.എന്നിൽ നടന്ന പൊലീസ് തലവൻമാരുടെ ഉച്ചകോടിയിൽ ബഹ്‌റൈനും പങ്കെടുത്തു
യു.എന്നിൽ നടന്ന പൊലീസ് തലവൻമാരുടെ ഉച്ചകോടിയിൽ ബഹ്‌റൈൻ പങ്കാളിയായി. അസി. പബ്ലിക് സെക്യൂരിറ്റി ചീഫ് ഡോ. ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബഹ്‌റൈനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.
യു.എന്നിലെ ബഹ്‌റൈൻ സ്ഥിരം പ്രതിനിധി ജമാൽ ഫാരിസ് അൽ റുവൈഇയും സന്നിഹിതനായിരുന്നു. വിവിധ രാജ്യങ്ങളുമായി സുരക്ഷാ മേഖലയിൽ സഹകരണം വ്യാപിപ്പിക്കാൻ ബഹ്‌റൈന് താൽപര്യമുള്ളതായി ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് നടന്ന ഉച്ചകോടിയിൽ സംസാരിക്കവെ അസി. പബ്ലിക് സെക്യൂരിറ്റി ചീഫ് വ്യക്തമാക്കി.
തീവ്രവാദം, കുറ്റകൃത്യങ്ങൾ, അക്രമം, സുരക്ഷാ വെല്ലുവിളികൾ തുടങ്ങിയവ നേരിടുന്നതിന് അനുഭവ സമ്പത്ത് കൈമാറ്റവും പരസ്പര സഹകരണവും അനിവാര്യമായ ഒന്നാണ്. അന്താരാഷ്ട്ര തലത്തിൽ സമാധാന പാലനത്തിന് യു.എൻ പൊലീസ് വഹിച്ചു കൊണ്ടിരിക്കുന്ന പങ്കും അദ്ദേഹം എടുത്തു പറഞ്ഞു. സുസ്ഥിര വളർച്ചയും സമാധാനവും പരസ്പര പൂരകമാണെന്നും ഇതിനായി യു.എൻ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകൾ ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.