ദേശീയ ദിനാഘോഷത്തിനായി ബഹ്‌റൈൻ ഒരുങ്ങി; രാജ്യമെങ്ങും വൈവിധ്യമാർന്ന പരിപാടികൾ
സെലിബ്രേറ്റ് ബഹ്റൈൻ എന്ന പേരിലാണു ബഹ്റൈനിൽ ഇത്തവണത്തെ ദേശീയ ദിനാഘോഷം
ഡിസംബർ 16 നു സമാഗതമാകുന്ന ദേശീയ ദിനത്തെ വരവേൽക്കാൻ ബഹ്‌റൈൻ ഒരുങ്ങി. വൈവിധ്യമാർന്ന പരിപാടികളോടെയാണു ബഹ്‌റൈൻ ഭരണകൂടം ദേശീയദിനാഘോഷം സംഘടിപ്പിക്കുന്നത്.
സെലിബ്രേറ്റ് ബഹ്റൈൻ എന്ന പേരിലാണു ബഹ്റൈനിൽ ഇത്തവണത്തെ ദേശീയ ദിനാഘോഷം. ആഘോഷ പരിപാടികളുടെ ഭാഗമായി മുഹറഖ് നൈറ്റ്‌സ് എന്ന പേരിൽ പ്രത്യേക പരിപാടികളാണൊരുങ്ങുന്നത്.
പരിപാടികളിൽ പാരമ്പര്യവും തനിമയും വിളിച്ചോതുന്ന സാംസ്‌കാരിക സദസ്സുകളാണു മുഖ്യം. ഡിസംബർ 14 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ വൈകീട്ട് അഞ്ച് മുതൽ രാത്രി 10 വരെ ഒരുക്കുന്ന ഈ ആഘോഷക്കാഴ്ചകൾ സ്വദേശികളെയും പ്രവാസികളെയും ആകർഷിക്കും . കുട്ടികൾക്കുള്ള വിനോദ പരിപാടികളും ടൂർ പാക്കേജും മുഹറഖ് നഗരത്തിൽ ഒരുക്കും. ശൈഖ് ഇബ്രാഹിം ബിൻ മുഹമ്മദ് ആൽ ഖലീഫ കൾച്ചറൽ ആൻറ് റിസർച്ച് സെൻററുമായി സഹകരിച്ച് ബഹ്‌റൈൻ പാരമ്പര്യ, പൈതൃക അതോറിറ്റിയാണ് ആഘോഷ പരിപാടികൾ ഒരുക്കുന്നത്.
മുഹറഖ് സൂഖിലെ പേളിങ് പാത്ത് വിസിറ്റേഴ്‌സ് സെന്ററിൽ മുതൽ സിയാദി മജ്ലിസിൽ വരെ ദേശീയ ദിനാഘോഷത്തിൻറെ വർണപ്പൊലിമയുള്ള കാഴ്ചകൾ നിറയും. കലാ സദസ്സുകൾ, ഡിസൈനിങ്, വസ്ത്രാലങ്കാരം,സിനിമ പ്രദർശനം എന്നിവയും വൈവിധ്യമാർന്ന ഭക്ഷ്യവസ്തുക്കളുടെ പ്രദർശനവും വിൽപനയും നടക്കും. ഒപ്പം കരകൗശല മേളയും കലാ പ്രദർശനവും പഠന പരിശീലന പരിപാടികളുമുണ്ടാകും. ബഹ്‌റൈൻറെ സാംസ്‌കാരിക, പൈതൃക കേന്ദ്രമായ മുഹറഖിൽ നടക്കുന്ന ആഘോഷം 10 ദിവസം നീണ്ടു നിൽക്കും