ബഹ്‌റൈൻ-ഖത്തർ ബന്ധം; ചർച്ചകൾ തുടരുന്നു
ബഹ്‌റൈൻ-ഖത്തർ ബന്ധം സാധാരണ നിലയിലാക്കുന്നതിന്റെ ഭാഗമായി ചർച്ചകൾ തുടരുന്നു. ഇത് സംബന്ധിച്ച സംയുക്ത ഫോളോ അപ് കമ്മിറ്റി യോഗം കഴിഞ്ഞ ദിവസം റിയാദിലെ ജി.സി.സി സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് ചേർന്നു.
ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് അൽ ഖലീഫ, ഖത്തർ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ഡോ. അഹ്മദ് ഹസൻ അൽ ഹമ്മാദി എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.
ഇരുരാജ്യങ്ങളിലെയും ഭരണാധികാരികൾ തമ്മിൽ എടുത്ത തീരുമാനം നടപ്പിലാക്കുന്നതിനും ജി.സി.സി രാഷ്ട്രങ്ങൾ തമ്മിൽ ഒറ്റക്കെട്ടായി നീങ്ങുന്നതിനും ധാരണയായിട്ടുണ്ട്. അൽ ഉല ഉച്ചകോടിയിലെടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ജി.സി.സി രാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി നീങ്ങാനും സംയുക്ത പദ്ധതികൾ ശക്തിപ്പെടുത്താനും വിവിധ രാജ്യങ്ങൾ മുന്നോട്ടു വന്നിട്ടുള്ളത്. മേഖലയിലെ സമാധാനവും ശാന്തിയും ഉറപ്പാക്കാനും ഇത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.