പ്രവാചക നിന്ദ; ബഹ്‌റൈന്‍ ശൂറ കൗണ്‍സിലും അപലപിച്ചു
ബി.ജെ.പി നേതാക്കളുടെ ഭാഗത്തു നിന്നുണ്ടായ പ്രവാചക അധിക്ഷേപത്തെ ബഹ്‌റൈന്‍ ശൂറ കൗണ്‍സില്‍ ശക്തമായി അപലപിച്ചു. ഇസ്ലാമിക ലോകം ആദരിക്കുന്ന വ്യക്തിത്വത്തെ കടന്നാക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് ഒരു നിലക്കും അംഗീകരിക്കാന്‍ കഴിയാത്തതാണ്. മത സ്പര്‍ധയും പരസ്പരം വെറുപ്പും സൃഷ്ടിക്കാന്‍ മാത്രമേ ഇത്തരം പ്രസ്താവനകളിലൂടെ സാധിക്കുകയുള്ളൂ.
വിവിധ മതങ്ങളെയും പ്രവാചകന്‍മാരെയും ആദരിക്കാനും ബഹുമാനിക്കാനുമാണ് ശ്രമിക്കേണ്ടത്. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ ഔദ്യോഗിക ഭാരവാഹികളുടെ ഭാഗത്തു നിന്നുണ്ടായ പ്രസ്താവനകള്‍ മുസ്ലിംകളെ വേദനിപ്പിക്കുന്നതാണ്.
വെറുപ്പിനും വംശീയതക്കുമെതിരെ നിലകൊള്ളാനും വിവിധ മതങ്ങളെയും ആശയങ്ങളെയും ബഹുമാനിക്കാനും പരസ്പര സഹകരണവും സഹവര്‍ത്തിത്വവും ശക്തിപ്പെടുത്താനും ശ്രമമുണ്ടാവണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യന്‍ ഭരണകൂടം ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രത്യാശിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.