ഇസ്രായേൽ അതിക്രമത്തെ ബഹ്റൈൻ ശൂറ കൗൺസിൽ അപലപിച്ചു
ഇസ്രായേൽ സൈനികർ അൽ അഖ്സ മസ്ജിദിൽ അതിക്രമിച്ചു കയറി ആരാധന നടത്തിക്കൊണ്ടിരുന്ന നിരപരാധർക്ക് നേരെ അക്രമം നടത്തിയ നടപടിയെ ബഹ്റൈൻ ശൂറ കൗൺസിൽ അപലപിച്ചു.
ഫലസ്തീനികളുടെ അവകാശം കവർന്നെടുക്കുകയും അവർക്ക് നേരെ പലവിധ അക്രമങ്ങൾ തുടരുകയും ചെയ്യുന്നത് നീതീകരിക്കാനാവില്ല. മേഖലയുടെ സുരക്ഷയെയും സമാധാനത്തെയും ഇത് സാരമായി ബാധിക്കുകയും ചെയ്യും.
ഇസ്രായേലിന്‍റെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാനവിക വിരുദ്ധ നടപടി അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ നിരാകരണവും നിയമ ലംഘനവുമാണ്. വിശുദ്ധ സ്ഥലങ്ങൾക്ക് നേരെയുള്ള കൈയേറ്റം എല്ലാ തരം മതശാസനകളെയും അന്താരാഷ്ട്ര മര്യാദകളെയും വെല്ലുവിളിക്കുന്നതാണ്.
അൽ അഖ്സയുടെയും അവിടെ പ്രാർഥനക്കെത്തുന്നവരുടെയും സുരക്ഷ ഉറപ്പാക്കാനും അതിക്രമങ്ങൾ ആവർത്തിക്കുന്നത് ഒഴിവാക്കാനും കഴിയണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.