ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദയെ ശക്തമായി അപലപിച്ച് ബഹ്‌റൈനും രംഗത്ത്
മുസ്‌ലിം വികാരങ്ങളെ പ്രകോപിപ്പിക്കുന്നതും മതവിദ്വേഷം ഉണര്‍ത്തുന്നതുമായ രീതിയില്‍ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ നടത്തിയ അധിക്ഷേപങ്ങളെ അപലപിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് ബഹ്‌റൈന്‍.
എല്ലാ മത വിശ്വാസങ്ങളോടും മതചിഹ്നങ്ങളോടും വ്യക്തിത്വങ്ങളോടും ആദരവ് പുലര്‍ത്തല്‍ പ്രാധാന്യമേറിയതാണെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. മതങ്ങളും നാഗരികതകളും തമ്മിലുള്ള സഹിഷ്ണുത കാത്തുസൂക്ഷിക്കണം. ആശയങ്ങള്‍ തമ്മിലുള്ള ബഹുമാനം, സംവേദനം എന്നിവയിലൂടെ മൂല്യങ്ങള്‍ പ്രചരിപ്പിക്കാനും വിഭാഗീയതയും വെറുപ്പും പ്രചരിപ്പിക്കുന്ന തീവ്ര ചിന്താഗതികളെ നേരിടാനും അന്താരാഷ്ട്ര സമൂഹത്തിന്റെ യോജിച്ച ശ്രമങ്ങളുണ്ടാകണമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
പ്രവാചകനിന്ദ നടത്തിയ പാര്‍ട്ടി വക്താവിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ബിജെപിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.