ടെന്റ് സീസൺ ആരംഭിച്ചു; ആദ്യ ദിനമെത്തിയത് ആയിരങ്ങൾ
ഈ വർഷത്തെ ടെന്‍റ് സീസണ് ബഹ്റൈനിൽ ആവേശകരമായ തുടക്കം. ആദ്യ ദിവസത്തിൽ തന്നെ ആയിരക്കണക്കിനു പേരെത്തിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.
മനാമയിൽ നിന്ന് 30 കിലോമീറ്റർ തെക്ക് മാറിയുള്ള സാഖീർ മരുഭൂമിയിലേക്ക് രാവിലെ തന്നെ കുടുംബങ്ങളായാണ് പലരുമെത്തിയത്. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാൻ അവസരം ഒരുക്കിയിരുന്നു.
നവംബർ 10 ന് തുടങ്ങിയ ടെന്‍റ് സീസൺ 2024 ഫെബ്രുവരി 29 ന് അവസാനിക്കും. 3387 പേരാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇത്തവണത്തെ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ മുഴുവനും ഓൺലൈനായിട്ടായിരുന്നു. രജിസ്ട്രേഷൻ തുടങ്ങി ആദ്യ മണിക്കൂറിനുള്ളിൽ തന്നെ 1850 അപേക്ഷകൾ ലഭിച്ചതായി ദക്ഷിണ മേഖല ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ആൽ ഖലീഫ വെളിപ്പെടുത്തിയിരുന്നു.
കോവിഡ് മൂലം വർഷങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്ന സീസൺ വീണ്ടും ആരംഭിച്ചത് ആഹ്ലാദത്തോടെയാണ് ജനം ഏറ്റെടുത്തത് എന്നതിന്റെ സൂചനയാണ് ആവേശകരമായ പ്രതികരണം.
രാത്രികാലത്ത് തണുപ്പ് തുടങ്ങിയതോടെ ക്യാമ്പിങ്ങിന് അനുകൂലമായ അന്തരീക്ഷമാണ് ഇപ്പോഴുള്ളത്. ആഴ്ച തോറും തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ടെന്‍റിന് കാഷ് അവാർഡ് നൽകുമെന്ന് യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്‍റെ പ്രതിനിധി ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ പ്രഖ്യാപിച്ചിരുന്നു.
നവംബർ 10 മുതൽ 2024 ഫെബ്രുവരി 29 വരെയുള്ള ഓരോ ആഴ്ചയിലുമാണ് വിലയിരുത്തലിലൂടെ മികച്ച ടെന്‍റുകൾ തിരഞ്ഞെടുക്കുക. ടെന്റുകളിൽ ക്യാമ്പിങ് നടത്തുന്നവർ ബാർബിക്യൂവും ബോൺ ഫയറുമൊക്കെയായി രാത്രി ആസ്വദിക്കും. സ്വന്തമായി ടെന്റുകൾ സ്ഥാപിക്കുന്നവരും വാടകക്കെടുക്കുന്നവരുമുണ്ട്. ടെന്റ് ക്യാമ്പിങ്ങിന് പുറമേ, കുതിരസവാരിയടക്കം വിനോദോപാധികളും ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രവാസി തൊഴിലാളികൾക്കും ടെന്റിങ് സീസൺ പ്രയോജനപ്രദമാണ്. കൂടാരങ്ങൾ സ്ഥാപിക്കുന്നതും ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നതും പ്രവാസി തൊഴിലാളികളാണ്. ടെന്‍റ് കെട്ടുന്നവർക്കുള്ള സുരക്ഷാ നിർദേശങ്ങൾ ഓൺലൈനായി ലഭ്യമാക്കിയിട്ടുണ്ട്. പരാതികൾ നൽകുന്നതിനുള്ള സംവിധാനവും ഓൺലൈനിൽ ഒരുക്കിയിട്ടുണ്ട്.
മൊബൈൽ ഫോണുകളിൽ അൽ ജനോബിയ ആപ് ഉപയോഗിച്ചാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. അറബിക്കിലും ഇംഗ്ലീഷിലും ലഭ്യമാണ്. രജിസ്ട്രേഷന് ഫീസ് ഏർപ്പെടുത്തിയിട്ടില്ല. campers@southern.gov.bh എന്ന ഇ-മെയിലിലും 17750000 എന്ന നമ്പറിലും വിവരങ്ങൾ ലഭ്യമാണ്. അൽ ജനോബിയ ആപ്പിൽ ഇൻസ്റ്റന്റ് ചാറ്റ് വഴിയും വിവരങ്ങൾ ലഭിക്കും.