സ്വാഭാവിക മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുമെന്ന് ബഹ്റൈൻ ആരോഗ്യ മന്ത്രി
സ്വാഭാവിക മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുമെന്നും കുഞ്ഞിന്റെയും മാതാവിന്റെയും ആരോഗ്യത്തിന് അത് അനിവാര്യമാണെന്നും ബഹ്‌റൈൻ ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അസ്സയ്യിദ് ജവാദ് ഹസൻ വ്യക്തമാക്കി.
സ്വാഭാവിക മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അവന്യുസ് മാളിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
തുടർച്ചയായ ബോധവൽക്കരണ പരിപാടികളിലൂടെ ഇത് സംബന്ധിച്ച സാമൂഹിക അവബോധം ശക്തിപ്പെടുത്തും. സമൂഹത്തിലെ വിവിധ വ്യക്തികളുടെ ഇക്കാര്യത്തിലുള്ള അനുഭവസമ്പത്ത് മറ്റുള്ളവർക്ക് നേരിട്ട് കൈമാറാനുള്ള അവസരവുമായി പരിപാടി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആരോഗ്യമുളള യുവതലമുറ സാധ്യമാക്കുന്നതിന് സ്വാഭാവിക മുലയൂട്ടൽ അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. ക്ലൗഡ് ഓഫ് ഹോപ് വളണ്ടിയർ ടീമുമായി സഹകരിച്ച് ആരോഗ്യ മന്ത്രാലയത്തിലെ സ്വാഭാവിക മുലയൂട്ടൽ സപ്പോർട്ട് കമ്മിറ്റിയാണ് ആരോഗ്യമന്ത്രിയുടെ രക്ഷാധികാരത്തിൽ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. അന്താരാഷ്ട്ര സ്വാഭാവിക മുലയൂട്ടൽ വാരാചരണത്തേടനുബന്ധിച്ചാണ് ആരോഗ്യ മന്ത്രാലയം ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.