ബഹ്റൈൻ സമുദ്രാതിർത്തിയിൽ അയക്കൂറ പിടിക്കുന്നതിന് വിലക്ക്
Update: 2023-08-19 10:21 GMT
ബഹ്റൈൻ സമുദ്രാതിർത്തിയിൽ അയക്കൂറ പിടിക്കുന്നതിന് വിലക്കേർപ്പെടുത്തി ഉത്തരവ്. പ്രജനന കാലമായതിനാൽ രാജ്യത്തെ മൽസ്യ സമ്പത്ത് സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് മുനിസിപ്പൽ, കാർഷിക മന്ത്രാലയം വ്യക്തമാക്കി.
ആഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെയാണ് വിലക്കുള്ളത്. മൽസ്യ സമ്പത്ത് നിലനിർത്തുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തിൽ പല സമയങ്ങളിലായി വിവിധ തരം മൽസ്യങ്ങൾ പിടിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരുന്നത്.
അയക്കൂറ പിടിക്കുന്നതോടൊപ്പം അവ പൊതു ഇടങ്ങളിൽ വിപണനം നടത്തുന്നതിനും പ്രസ്തുത കാലയളവിൽ വിലക്കുണ്ട്. മറ്റു ചില അറബ് ജിസിസി രാജ്യങ്ങളിലും കഴിഞ്ഞ ദിവസം വിലക്ക് നിലവിൽ വന്നിരുന്നു.