ബഹ്‌റൈനില്‍ അവശ്യ വസ്തുക്കളുടെ വില പിടിച്ചുനിര്‍ത്താന്‍ സാധിച്ചതായി കാബിനറ്റ് വിലയിരുത്തല്‍
ബഹ്‌റൈനില്‍ അടിസ്ഥാന ഭക്ഷ്യ വസ്തുക്കളുടെ വില നിലവാരം പിടിച്ചു നിര്‍ത്തുകയും ആവശ്യത്തിനുള്ള സ്റ്റോക്ക് ഉറപ്പാക്കുകയും ചെയ്യുന്നതില്‍ വിജയിച്ചതായി കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം വിലയിരുത്തി.
വിപണിയിലെ ആവശ്യങ്ങള്‍ മനസ്സിലാക്കി അതനുസരിച്ച് നടപടികള്‍ സ്വീകരിച്ച വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രാലയത്തെ കാബിനറ്റ് യോഗം അനുമോദിച്ചു.
ഇക്കാര്യത്തില്‍ വ്യാപാരികളുടെ ശ്രമങ്ങളും നിലപാടുകളും ഏറെ ഗുണകരമായിരുന്നുവെന്നും കാബിനറ്റ് വിലയിരുത്തി. പരിവര്‍ത്തന ഘട്ടത്തിലെ ചുമതലകള്‍ നടപ്പാക്കുന്നതിന് നേതൃത്വം നല്‍കുമെന്ന യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ പ്രസ്താവന കാബിനറ്റ് സ്വാഗതം ചെയ്തു. യെമനിലെ സമാധാന പാലനത്തിനായി നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും കാബിനറ്റ് പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്തെ നിക്ഷേപ, വ്യാപാര സംരംഭങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവ് വലിയ പങ്ക് വഹിക്കുമെന്ന് വിലയിരുത്തുകയും ചെയ്തു.
സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഭാഗമായി നടപ്പാക്കുന്ന 16 പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. വിവിധ മേഖലകളില്‍ കാര്യമായ വളര്‍ച്ച നേടിയെടുക്കാന്‍ സാധിച്ചതായും വ്യക്തമാക്കുന്നുണ്ട്.
പേയ്‌മെന്റ് സംവിധാനത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജി.സി.സി തലത്തിലുള്ള സംയുക്ത കരാറില്‍ ഒപ്പുവെക്കാന്‍ തീരുമാനിച്ചു. യുവസംരംഭകര്‍ക്ക് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് യുവജന, കായിക മന്ത്രാലയവും പേള്‍ ഇനീഷ്യോറ്റീവും തമ്മില്‍ സഹകരിക്കുന്നതിന് കാബിനറ്റ് അംഗീകാരം നല്‍കി.
വിദേശ രാജ്യങ്ങളില്‍ ഓണററി കോണ്‍സുലേറ്റ് ആരംഭിക്കുന്നതിനുള്ള വിദേശകാര്യ മന്ത്രിയുടെ നിര്‍ദേശം അംഗീകരിക്കപ്പെട്ടു. വിവിധ സമ്മേളനങ്ങളില്‍ പങ്കെടുത്ത മന്ത്രിമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസിലായിരുന്നു മന്ത്രിസഭ.