കാതോലിക്ക ബാവ ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി

സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രൽ ഇടവകയുടെ 64ാമത് പെരുന്നാൾ, വാർഷികാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായാണ് കാതോലിക്ക ബാവ ബഹ്‌റൈനിൽ എത്തിയത്

Update: 2022-10-12 19:24 GMT
Advertising

ഹ്രസ്വ സന്ദർശനത്തിനായി ബഹ്‌റൈനിലെത്തിയ കാതോലിക്ക ബാവ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി സഫ്രിയ പാലസിലാണു കൂടിക്കാഴ്ച നടത്തിയത്. സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രൽ ഇടവകയുടെ 64ാമത് പെരുന്നാൾ, വാർഷികാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായാണ് കാതോലിക്ക ബാവ ബഹ്‌റൈനിൽ എത്തിയത്.

പുരാതന കാലം മുതൽ വിവിധ മതാചാരങ്ങളും സഹവർത്തിത്വവും ബഹ്‌റൈനിൽ നിലനിൽക്കുന്നുണ്ടെന്നതിൽ അഭിമാനമുണ്ടെന്ന് ഹമദ് രാജാവ് പറഞ്ഞു. എല്ലാ മതങ്ങളെയും ബഹുമാനിക്കുക എന്ന തത്ത്വം ഉൾക്കൊള്ളുന്നവരാണ് രാജ്യത്തെ ജനങ്ങളെന്ന് അദ്ദേഹം പറഞ്ഞു. സഹവർത്തിത്വത്തിന്റെയും സാഹോദര്യത്തിന്റെയും പരസ്പര സംഭാഷണത്തിന്റെയും പാതയിൽ മുന്നോട്ടുപോകാൻ രാജ്യം പ്രതിജ്ഞാബദ്ധമാണു. വിവിധ മതങ്ങളെ ആദരിക്കുന്നതാണു ബഹ്‌റൈന്റെ പാരമ്പര്യം. സ്‌നേഹത്തിന്റെയും നന്മയുടെയും സഹിഷ്ണുതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജീവകാരുണ്യരംഗത്ത് കാതോലിക്ക ബാവ ചെയ്യുന്ന സേവനങ്ങളെ രാജാവ് പ്രശംസിച്ചു. സഹവർത്തിത്വവും സ്‌നേഹവും മതങ്ങൾ തമ്മിലുള്ള സഹിഷ്ണുതയും പുലർത്താൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ചും രാജ്യത്തെ മറ്റ് ചർച്ചുകളും ചെയ്യുന്ന സേവനങ്ങളെയും രാജാവ് അഭിനന്ദിച്ചു. വിവിധ മതങ്ങളെ സ്വീകരിക്കുന്ന ബഹ്‌റൈൻ നിലപാടിനെ അഭിനന്ദിക്കുകയും ഹമദ് രാജാവിന്റെ കീഴിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ പ്രശംസിക്കുകയും ചെയ്തു.

മലങ്കര ഓർത്തഡോക്‌സ് സഭ വൈദിക ട്രസ്റ്റി ഫാദർ ഡോക്ടർ വർഗീസ് അമയിൽ, ഇടവക വികാരി ഫാദർ പോൾ മാത്യൂസ്, സഹവികാരി ഫാദർ സുനിൽ കുര്യൻ ബേബി, മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി, കത്തീഡ്രൽ സെക്രട്ടറി ബെന്നി വർക്കി, ട്രസ്റ്റി സാമുവൽ പൗലോസ് എന്നിവർ സന്നിഹിതരായിരുന്നു.


Full View

Catholic Bava in Bahrain meets King Hamad bin Isa Al Khalifa of Bahrain

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News