ബഹ്‌റൈനിൽ സുന്നീ ഔഖാഫിന് കീഴിൽ വിവിധയിടങ്ങളിൽ ഈദ് ഗാഹുകൾ
പള്ളികളിലും ഈദ് ഗാഹുകളിലും നമസ്‌കാരം രാവിലെ 5.38ന്
ബഹ്‌റൈനിൽ സുന്നീ ഔഖാഫിന് കീഴിൽ വിവിധയിടങ്ങളിൽ ഈദ് ഗാഹുകൾ സംഘടിപ്പിക്കുമെന്ന് സുന്നീ വഖ്ഫ് കൗൺസിൽ ചെയർമാൻ ഡോ. റാഷിദ് ബിൻ മുഹമ്മദ് ബിൻ ഫതീസ് അൽ ഹാജിരി വ്യക്തമാക്കി. നേരത്തെയുള്ള ഈദ് ഗാഹുകളോടൊപ്പം വിവിധ സ്‌കൂളുകളിൽ പ്രവാസി സമൂഹത്തിനായും ഈദ് ഗാഹുകൾ ഒരുക്കുന്നുണ്ട്.
ഈസ്റ്റ് ഹിദ്ദ്, ഹിദ്ദ്, മുഹറഖ് ഖബറിസ്ഥാന് സമീപം, ബുസൈതീൻ അസ്സായ, അറാദ് ഫോർട്ടിന് സമീപം, ദിയാറുൽ മുഹറഖിലെ അൽ ബറാഹ സൂഖിന് സമീപം, സൽമാനിയ, ഈസ ടൗൺ ലോക്കൽ മാർക്കറ്റിന് സമീപം, നോർത്ത് റിഫ അൽ ഇസ്തിഖ്‌ലാൽ വാക്വേ, റിഫ ഫോർട്ട് ഗ്രൗണ്ട്, ഹജിയാത്, ഹൂറത് സനദ്, അസ്‌കറിലെ ഹെറിറ്റേജ് വില്ലേജ്, സല്ലാഖ് യൂത്ത് എംപവർമെൻറ് ഗ്രൗണ്ട്, ഹമദ് ടൗൺ റൗണ്ട് എബൗട്ട് 17 ന് സമീപം, ഹമദ് ടൗൺ റൗണ്ട് എബൗട്ട് രണ്ടിന് സമീപമുള്ള യൂത്ത് സെൻറർ ഗ്രൗണ്ട്, ബുദയ്യ, സൽമാൻ സിറ്റി, ന്യു ഇസ്‌കാൻ അൽ റംലി എന്നിവിടങ്ങളിലാണ് പൊതു ഈദ് ഗാഹുകൾ സംഘടിപ്പിക്കുന്നത്.
നോമ്പിന് താൽക്കാലികമായി ജുമുഅ നടത്താൻ അനുവാദം നൽകിയ പള്ളികൾ നോമ്പ് അവസാനിക്കുന്നതോടെ നമസ്‌കാര പള്ളികളായി തുടരും. പൊതു ഈദ് ഗാഹുകൾ നടക്കുന്ന 19 ഇടങ്ങളിലുമാവശ്യമായ സംവിധാനങ്ങളൊരുക്കുന്നതിന് പ്രത്യേക ടീമുകളെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ഈദ് ഗാഹുകൾ നടക്കുന്ന സ്ഥങ്ങളോട് ചേർന്ന പള്ളികളിൽ പെരുന്നാൾ നമസ്‌കാരമുണ്ടായിരിക്കുന്നതല്ലെന്നും അറിയിപ്പുണ്ട്. പ്രവാസി സമൂഹത്തിന് വിവിധ സ്‌കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഈദ് ഗാഹുകൾ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പള്ളികളിലും ഈദ് ഗാഹുകളിലും നമസ്‌കാരം രാവിലെ 5.38 നായിരിക്കും.