ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ നാളെ മുതൽ മാർച്ച് 2 വരെ
'20 ഇയേഴ്സ് ഓഫ് എ മോഡേൺ ക്ലാസിക്' എന്ന തലക്കെട്ടിലാണു ഇത്തവണത്തെ മത്സരങ്ങൾ
ബഹ്‌റൈനിൽ നാളെ മുതൽ ആരംഭിക്കുന്ന ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ മത്സരങ്ങളുടെ മുന്നൊരുക്കം പൂർത്തിയായി. മത്സരങ്ങൾക്കായി വിപുലമായ ഒരുക്കങ്ങളാണ് രാജ്യമെങ്ങും നടന്നത്. ലോകത്തെ കാറോട്ട പ്രേമികളെ സഖീറിലെ ബഹ്‌റൈൻ ഇന്റർനാഷനൽ സർക്യൂട്ടിലേക്കാകർഷിച്ച് ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് മത്സരങ്ങൾ നാളെ മുതൽ മാർച്ച് 2 വരെയാണു നടക്കുക.
ഈ വർഷം ഫോർമുല വൺ 20ാം വാർഷികത്തോടനുബന്ധിച്ച് '20 ഇയേഴ്സ് ഓഫ് എ മോഡേൺ ക്ലാസിക്' എന്ന തലക്കെട്ടിലാണു ഇത്തവണത്തെ മത്സരങ്ങൾ. മത്സരങ്ങൾക്കായി വിപുലമായ ഒരുക്കങ്ങളാണ് രാജ്യമെങ്ങും നടന്നത്. നിരവധി ഫോർമുല വൺ താരങ്ങൾ മത്സരത്തിനു മുന്നോടിയായി ബഹ്‌റൈനിലെത്തി. വീറും വാശിയും നിറഞ്ഞ നിറഞ്ഞ മത്സരത്തിന്റെ ഗ്രാന്റ് സ്റ്റാന്റ് ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റു തീർന്നിരുന്നു. സീസണിന് തുടക്കംകുറിച്ചുകൊണ്ടുള്ള ആവേശകരമായ മത്സരങ്ങൾക്ക് മുന്നോടിയായി മൂന്നുദിവസത്തെ എ1 അരാംകോ പ്രീ-സീസൺ ടെസ്റ്റിങ്ങിന് ബഹ്‌റൈൻ ഇൻറർനാഷണൽ സർക്യൂട്ട് ആതിഥേയത്വം വഹിച്ചു.
മത്സരത്തോടനുബന്ധിച്ച് ഒരുക്കുന്ന വിനോദ പരിപാടികളും സ്റ്റേജ് ഷോകളും നയിക്കാനായി ലോക പ്രശസ്ത കലാകാരന്മാർ ബഹ്‌റൈനിലെത്തി. അദ്‌ലിയയിൽ ബിയോൺ മണി ഒരുക്കിയ ഫാൻ വില്ലേജിലും ഫോർമുല വൺ മത്സരങ്ങളുടെ ആവേശം പ്രകടമായി. വിനോദ സഞ്ചാര രംഗത്തും രാജ്യത്തിന്റെ സമ്പദ് മേഖലക്കും മത്സരങ്ങൾ പുത്തനുണർവ് പകരും.