‘ഗൾഫ് മാധ്യമം’ രാജത ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢ തുടക്കം

മലയാള മാധ്യമ ചരിത്രത്തിൽ നൂതന അധ്യായം രചിച്ച് ബഹ്റൈനിലാണ് ഗൾഫ് മാധ്യമം പിറന്നത്

Update: 2024-04-25 01:11 GMT
Advertising

മനാമ: കാൽനൂറ്റാണ്ടുമുമ്പ് ചരിത്രം കുറിച്ച് പവിഴദ്വീപിന്റെ മണ്ണിൽ പിറന്ന ആദ്യ ഇന്ത്യൻ ദിനപത്രം 'ഗൾഫ് മാധ്യമ'ത്തിന്റെ വിജയഗാഥയെ അടയാളപ്പെടുത്തുന്ന രജതജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢമായ തുടക്കം. ബഹ്റൈൻ രാജാവിന്റെ മാധ്യമ ഉപദേഷ്ടാവായ നബീൽ ബിൻ യാക്കൂബ് അൽ ഹമർ രജത ജൂബിലി ആഘോഷത്തിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും നിർവഹിച്ചു

1999ൽ ഇന്ത്യക്ക് പുറത്തു നിന്ന് ആദ്യ എഡിഷനായി പുറത്തിറങ്ങിയ മലയാള പത്രമാണ് ഗൾഫ് മാധ്യമം. മലയാള മാധ്യമ ചരിത്രത്തിൽ നൂതന അധ്യായം രചിച്ച് ഗൾഫ് മാധ്യമം പിറന്നത് ബഹ്റൈനിലായിരുന്നു. ബഹ്റൈനിലെ അൽ അയാം പ്രസിൽ നിന്ന് പ്രിന്റിങ് ആരംഭിക്കുമ്പോൾ അന്ന് പ്രസ് ചെയർമാനായിരുന്ന വ്യക്തിത്വം തന്നെ പവിഴദ്വീപിലെ രജത ജൂബിലിയാഘോഷങ്ങൾക്ക് തുടക്കമിടുകയെന്നത് മറ്റൊരു അപൂർവത.

അന്നത്തെ അൽ അയാം ചെയർമാനും ഇപ്പോൾ ബഹ്റൈൻ രാജാവിന്റെ മാധ്യമ ഉപദേഷ്ടാവായ നബീൽ ബിൻ യാക്കൂബ് അൽ ഹമറാണു ഗൾഫ് മാധ്യമത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ പ്രഖ്യാപനവും ലോഗോയുടെ പ്രകാശനവും നിർവഹിച്ചത്. 25 വർഷം മുമ്പ് ബഹ്റൈനിന്റെ മണ്ണിൽ ആരംഭിച്ച ഇന്ത്യൻ ദിനപത്രമായ ഗൾഫ് മാധ്യമം വളരെ വിജയകരമായി മുന്നോട്ടു പോകുകയും ജി.സി.സി രാജ്യങ്ങളിലാകമാനം സമാനതകളില്ലാത്ത വളർച്ച കൈവരിച്ച് വ്യാപിക്കുകയും ചെയ്തത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഗൾഫ്മാധ്യമം മിഡിലീസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലീം അമ്പലൻ, ഗൾഫ് മാധ്യമം ഗ്ലോബൽ ഹെഡ് - ബിസിനസ് ഓപ്പറേഷൻസ് മുഹമ്മദ് റഫീഖ്,ഗൾഫ് മാധ്യമം എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ, റീജണൽ മാനേജർ ജലീൽ അബ്ദുല്ല, മാർക്കറ്റിങ് മാനേജർ സക്കീബ് വലിയപീടികക്കൽ എന്നിവർ സന്നിഹിതരായിരുന്നു. പ്രവാസി സമൂഹത്തിന്റെ ജിഹ്വയായി 25 വർഷങ്ങൾ പിന്നിടുമ്പോൾ ഗൾഫ് മാധ്യമം യാത്ര തുടരുകയാണെന്ന് ഗൾഫ് മാധ്യമം മിഡിലീസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലീം അമ്പലൻ പറഞ്ഞു.

25 വർഷങ്ങൾ പിന്നിടുമ്പോൾ നവമാധ്യമങ്ങളിലും ഡിജിറ്റൽ മേഖലയിലും ശക്തമായ സാന്നിധ്യമായി ഗൾഫ് മാധ്യമമത്തിൻറെ യാത്രയെന്ന് ഗൾഫ് മാധ്യമം ഗ്ലോബൽ ഹെഡ് - ബിസിനസ് ഓപ്പറേഷൻസ് മുഹമ്മദ് റഫീഖ് പറഞ്ഞു. വിപുലമായ പരിപാടികളാണു ഗൾഫ് മാധ്യമം രജത ജൂബിലി ആഘോഷത്തിൻറെ ഭാഗമായി ആവിഷ്കരിച്ച് ഒരുക്കിയിട്ടുള്ളത്.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News