സെപ്തംബർ മുതൽ പ്രവാസികൾക്ക് ആരോഗ്യ ഇൻഷൂറൻസ് പദ്ധതി
ബഹ്റൈനിൽ പ്രവാസികൾക്കായി ഏർപ്പെടുത്തുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി സെപ്റ്റംബറോടെ പദ്ധതി ആരംഭിക്കും. പദ്ധതിയുടെ പ്രീമിയം സംബന്ധിച്ച് ഇൻഷുറൻസ് കമ്പനികളുമായുള്ള ചർച്ചകൾ തുടരുകയാണെന്ന് സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് അറിയിച്ചു.
ഹകീം എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതി 2024 അവസാനത്തോടെ പൂർണമായും പ്രാബല്യത്തിൽ കൊണ്ടുവരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഹകീം പദ്ധതിയിൽ രണ്ട് പ്രോഗ്രാമുകളുണ്ടായിരിക്കും. ഒന്ന് നിർബന്ധിതവും മറ്റൊന്ന് ആവശ്യക്കാർക്ക് മാത്രം ചേരാവുന്നതുമാണ്.
നിർബന്ധിത ഹെൽത് ഇൻഷുറൻസ് പ്രവാസി തൊഴിലാളികൾക്കു വേണ്ടിയുള്ളതാണ്. ഇതിനാവശ്യമായ തുക തൊഴിലുടമയോ സ്പോൺസറോ നൽകണം. ഇതിൽ ചേരുന്നതുവഴി പ്രാഥമികമായ ചികിത്സാസൗകര്യങ്ങൾ നിശ്ചിത പ്രായപരിധിയിലുള്ള തൊഴിലാളികൾക്ക് ലഭിക്കും.
അടിയന്തര ചികിത്സയും ലഭിക്കും. ആവശ്യമെങ്കിൽ വിദഗ്ധ ചികിത്സയും ഇവർക്ക് ലഭിക്കുന്ന രീതിയിലാണ് ആലോചിക്കുന്നത്. എന്നാൽ, പ്രസവം, സൗന്ദര്യചികിത്സകൾ എന്നിവക്ക് ഈ ആനുകൂല്യങ്ങൾ ലഭിക്കില്ല. ഓപ്ഷനലായ പദ്ധതിക്ക് തൊഴിലാളികൾ പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. സ്വകാര്യ ഇൻഷുറൻസ് കമ്പനികളിൽനിന്നാണ് ഈ പാക്കേജ് എടുക്കേണ്ടത്.
സ്വകാര്യ ആശുപത്രികളിലേക്ക് വിദേശ തൊഴിലാളികളെ ആകർഷിക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്. എല്ലാ പദ്ധതികളും നാഷനൽ ഇൻഷുറൻസ് പ്രോഗ്രാമായ സെഹാതിയുടെ ഭാഗമായാണ് നടപ്പാക്കുന്നത്. പൗരന്മാർക്കും വിദേശികൾക്കും സഞ്ചാരികൾക്കും ആരോഗ്യ പരിരക്ഷ നൽകുക എന്ന ലക്ഷ്യമാണ് പദ്ധതിക്കുള്ളത്.