മൂന്നുമാസത്തിനിടെ ബഹ്‌റൈനില്‍ സ്വകാര്യ മേഖലയില്‍ 7,000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കി

Update: 2022-04-21 05:41 GMT
Advertising

ബഹ്‌റൈനില്‍ 2022 ആദ്യ പാദത്തില്‍ സ്വകാര്യ മേഖലയില്‍ 7,000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കിയതായി തൊഴില്‍- സാമൂഹിക ക്ഷേമ കാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ അറിയിച്ചു.

സ്വദേശി തൊഴിലന്വേഷകര്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കല്‍ സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ സുപ്രധാനമായ ഒന്നാണ്. തൊഴില്‍ വിപണി മാറ്റങ്ങളെ ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്താനും സ്വകാര്യ മേഖലയില്‍ പ്രഥമ പരിഗണന സ്വദേശികള്‍ക്ക് ലഭിക്കാനുമുള്ള പദ്ധതികളാണ് മന്ത്രാലയം നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ കമ്പനികളുമായി സഹകരിച്ച് ഇത്രയും തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ സാധിച്ചത് നേട്ടമാണ്. തംകീന്‍, എല്‍.എം.ആര്‍.എ, ചേംബര്‍ ഓഫ് കൊമേഴ്‌സ്, തൊഴിലുടമകള്‍ എന്നിവയുടെ സഹകരണം പ്രത്യേകം പ്രസ്താവ്യമാണ്. 2022ല്‍ ലക്ഷ്യമിട്ടിട്ടുള്ളതിന്റെ 39 ശതമാനം ആദ്യ പാദത്തില്‍ തന്നെ നേടാന്‍ സാധിച്ചിട്ടുണ്ടെന്നും 2021ലെ ആദ്യ പാദത്തിലേതിനേക്കാള്‍ 32 ശതമാനം വര്‍ധനയുമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News