പ്രവാസികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തി ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ്
ബഹ്‌റൈനിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഓപൺ ഹൗസിൽ ബഹ്‌റൈനിലെ പ്രവാസി ഇന്ത്യക്കാർ ഉന്നയിച്ച വിവിധ തൊഴിൽ, കോൺസുലാർ പരാതികളിന്മേൽ പരിഹാരം കണ്ടെത്തി.
വിവിധ പ്രശ്‌നങ്ങളിൽ പരിഹാരം കാണാൻ സഹായിച്ച ബഹ്‌റൈൻ തൊഴിൽ മന്ത്രാലയം, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ), ഇമിഗ്രേഷൻ അധികൃതർ, ഇന്ത്യൻ അസോസിയേഷനുകൾ, വളന്റിയർമാർ തുടങ്ങിയവരെ അംബാസഡർ അഭിനന്ദിച്ചു.
അസിലോൺ കോൺട്രാക്ടിങ്, മാഗ്‌നം ഷിപ് കെയർ കമ്പനി എന്നിവയിലെ തൊഴിലാളികളുടെ ശമ്പളപ്രശ്‌നം പ്രാദേശിക അധികൃതരുടെ സഹായത്തോടെ ചർച്ച ചെയ്ത് പരിഹരിച്ചതായി അംബാസഡർ അറിയിച്ചു. ഈ കമ്പനികളിലെ 21 തൊഴിലാളികൾക്ക് ഇതുവഴി പ്രയോജനം ലഭിച്ചു.
ബഹ്‌റൈനിൽ മരണപ്പെട്ട നിരവധി പേരുടെ കുടുംബങ്ങൾക്ക് എംബസിയുടെ ഇടപെടലിലൂടെ മരണാനന്തര സഹായം ലഭ്യമാക്കാനും സാധിച്ചു. 16 തടവുകാർക്ക് എമർജൻസി സർട്ടിഫിക്കറ്റ് നൽകുന്നതിന് ഇന്ത്യൻ കമ്യൂണിറ്റി ക്ഷേമനിധി (ഐ.സി.ഡബ്ല്യു.എഫ്) മുഖേന സാമ്പത്തിക സഹായം ലഭ്യമാക്കി. ഒരാൾക്ക് വിമാന ടിക്കറ്റും നൽകി.
ഐ.സി.ആർ.എഫ്, വേൾഡ് എൻ.ആർ.ഐ കൗൺസിൽ, ബഹ്‌റൈൻ കേരളീയ സമാജം, ഐ.എച്ച്.ആർ.സി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും ഓപൺഹൗസിൽ പങ്കെടുത്തു. ഓപൺഹൗസിൽ സജീവമായി പങ്കെടുത്ത അസോസിയേഷൻ പ്രതിനിധികൾക്കും മറ്റുള്ളവർക്കും അംബാസഡർ നന്ദി പറഞ്ഞു.