ബഹ്‌റൈനില്‍ ഇന്ത്യൻ സ്കൂൾ വിശ്വ ഹിന്ദി ദിവസ് ആഘോഷിച്ചു

Update: 2022-01-17 13:00 GMT
Advertising

ഇന്ത്യൻ സ്കൂൾ ജനുവരി 8നു ശനിയാഴ്ച വിശ്വ ഹിന്ദി ദിവസ് 2022 ഓൺലൈനായി ആഘോഷിച്ചു. ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ സ്‌കൂൾ ഹിന്ദി വകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്. ദേശീയ ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് സ്‌കൂൾ പ്രാർത്ഥനാ ഗാനം ആലപിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനി സൈനബ് ഫിറോസ് ഖാൻ വിശുദ്ധ ഖുർആൻ പാരായണം നടത്തി.

ഹിന്ദി വകുപ്പ് മേധാവി ബാബു ഖാൻ സ്വാഗതം പറഞ്ഞു. വിധികർത്താക്കളായ സദാനന്ദ് കാശിനാഥ് ഭോസ്ലി (പ്രൊഫസർ & മുൻ. ഹിന്ദി വിഭാഗം മേധാവി, സാവിത്രിഭായ് ഫുലെ സർവ്വകലാശാല പൂനെ), മുഹമ്മദ് ഷാഹുൽ ഹമീദ് (ഹിന്ദി പ്രൊഫസർ, അലിഗഢ് മുസ്ലീം സർവകലാശാല, ഉത്തർപ്രദേശ്) എന്നിവർ പങ്കെടുത്തു.സ്‌കൂൾ സീനിയർ വിഭാഗം വൈസ് പ്രിൻസിപ്പൽ ആനന്ദ് ആർ നായർ പരിപാടി ഉദ്ഘാടനം ചെയ്തു. രണ്ട് ഘട്ടങ്ങളിലായി ഒരാഴ്ച നീണ്ടുനിന്ന ആഘോഷങ്ങളുടെ ഗ്രാൻഡ് ഫിനാലെയായിരുന്നു ഇത്. ആദ്യഘട്ടത്തിൽ ഇന്റർ സ്കൂൾ മത്സരങ്ങളും സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു. ജനുവരി 10-ന് ഇന്ത്യൻ എംബസിയിൽ വെച്ചായിരുന്നു അവാർഡ് ദാന ചടങ്ങ്. ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.

ഹിന്ദി കഥ പറയൽ, കവിതാ പാരായണം, സോളോ സോംഗ് എന്നിവ നടന്നു. ന്യൂ മില്ലേനിയം സ്കൂൾ, ഏഷ്യൻ സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ, ബഹ്റൈൻ ഇന്ത്യൻ സ്കൂൾ, ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂൾ, അൽ നൂർ ഇന്റർനാഷണൽ സ്കൂൾ, ന്യൂ ഹൊറൈസൺ സ്കൂൾ എന്നിവയാണ് മത്സരങ്ങളിൽ പങ്കെടുത്ത മറ്റ് സിബിഎസ്ഇ സ്കൂളുകൾ. മത്സരങ്ങൾ കൂടാതെ ദേശഭക്തി ഗാനങ്ങൾ തുടങ്ങി നിരവധി പ്രോഗ്രാമുകൾ ഉണ്ടായിരുന്നു. പ്രൊഫ. കാശിനാഥ് ഭോസ്‌ലി തന്റെ പ്രസംഗത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ഹിന്ദി ഭാഷയുടെ സംഭാവനയെ എടുത്തുകാണിച്ചു. ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ നടത്തിയ പരിപാടിയെ അദ്ദേഹം അഭിനന്ദിച്ചു.ഒമ്പതാം ക്ലാസിലെ രാമൻ കുമാർ അവതരിപ്പിച്ച ദേശഭക്തി ഗാനം ശ്രദ്ധേയമായി.

വിശ്വ ഹിന്ദി ദിവസ് ഗംഭീരമായി സംഘടിപ്പിച്ച ഇന്ത്യൻ സ്‌കൂളിനെ പ്രൊഫ.മുഹമ്മദ് ഷാഹുൽ ഹമീദ് അഭിനന്ദിച്ചു. പരിപാടിയുടെ അവസാനം, പ്രൊഫ.സദാനന്ദ് കാശിനാഥ് ബോസ്ലി, പ്രൊഫ.ഷാഹുൽ മുഹമ്മദ് ഹമീദ്, വകുപ്പ് മേധാവി ബാബു ഖാൻ എന്നിവർ വിജയികളുടെ പേരുകൾ പ്രഖ്യാപിച്ചു. പ്രധാന അധ്യാപകരായ ജോസ് തോമസ്, പ്രിയ ലാജി, ശ്രീകാന്ത് ശ്രീധരൻ, സി എം ജൂനിത്ത്, വകുപ്പ്പ മേധാവി പയസ് മാത്യു ( കമ്പ്യൂട്ടർ സയൻസ്), ഡോ. റഷീദ് ( കൊമേഴ്‌സ്), സംഘാടക സമിതി അംഗങ്ങളായ ശ്രീലത നായർ, ശാലിനി നായർ മാലാ സിംഗ്, ഷബ്രീൻ സുൽത്താന, ഷീമ ആറ്റുകണ്ടത്തിൽ, കഹ്‌കഷൻ ഖാൻ, സയാലി അമോദ് കേൽക്കർ, ഗിരിജ എം.കെ, ജൂലി വിവേക്, ഗംഗാ കുമാരി എന്നിവരും മറ്റ് അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. മാല സിങ് നന്ദി പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News