ഇൻഡിഗോ ഇനി ബഹ്റൈനിൽനിന്നും; സർവീസ് ആഗസ്റ്റ് രണ്ട് മുതൽ
ടെർമിനൽ മാറിക്കയറാൻ എയർലൈൻസിന്റെ ബസ് ഷട്ടിൽ സർവീസ് നടത്തും. യാത്രക്കാർ ഹാൻഡ് ബാഗേജ് മാത്രം കൈവശം എടുത്താൽ മതിയാകും. ചെക്ക് ഇൻ ബാഗേജ് എയർലൈൻസ് തന്നെ ആഭ്യന്തര വിമാനത്തിൽ കയറ്റും.
മനാമ: പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസ് ആഗസ്റ്റ് രണ്ട് മുതൽ ബഹ്റൈനിൽനിന്ന് സർവീസ് ആരംഭിക്കുന്നു. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയിലേക്കുള്ള എല്ലാ സർവീസുകളും മുംബൈ വഴി ആയിരിക്കും നടത്തുക. മുംബൈയിൽനിന്ന് ഇൻഡിഗോ ആഭ്യന്തര സർവീസ് നടത്തുന്ന എല്ലാ വിമാനത്താവളങ്ങളിലേക്കും ബഹ്റൈനിൽനിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും എന്നതാണ് സവിശേഷത. ആഴ്ചയിൽ എല്ലാ ദിവസവും സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ എയർപോർട്ടിൽ ഇറങ്ങി ടെർമിനൽ ഒന്നിൽ നിന്ന് രണ്ടിലെത്തിയാണ് ആഭ്യന്തര റൂട്ടുകളിലേക്ക് യാത്ര ചെയ്യേണ്ടത്.
ടെർമിനൽ മാറിക്കയറാൻ എയർലൈൻസിന്റെ ബസ് ഷട്ടിൽ സർവീസ് നടത്തും. യാത്രക്കാർ ഹാൻഡ് ബാഗേജ് മാത്രം കൈവശം എടുത്താൽ മതിയാകും. ചെക്ക് ഇൻ ബാഗേജ് എയർലൈൻസ് തന്നെ ആഭ്യന്തര വിമാനത്തിൽ കയറ്റും. കോഴിക്കോട്ടേക്കുള്ള യാത്രക്കാർക്ക് മുബൈയിൽ അഞ്ച് മണിക്കൂർ 10 മിനിറ്റ് കാത്തിരിപ്പുണ്ട്. കൊച്ചിയിലേക്കുള്ള യാത്രക്കാർക്ക് മൂന്ന് മണിക്കൂർ 15 മിനിറ്റാണ് കാത്തിരിപ്പ് സമയം. മറ്റ് സ്ഥലങ്ങളിലേക്കും സമാന രീതിയിൽ കാത്തിരിപ്പ് സമയമുണ്ടാകും. ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വരുമ്പോൾ മുംബൈയിലായിരിക്കും യാത്രക്കാരുടെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുക. ബഹ്റൈനിൽനിന്നുള്ള യാത്രക്കാരന് 30 കിലോയാണ് ചെക്ക് ഇൻ ലഗേജ് അനുവദിക്കുന്നത്. തുടർന്ന് ആഭ്യന്തര വിമാനത്തിൽ യാത്ര ചെയ്യുമ്പോഴും ഇതേ തൂക്കം തന്നെ അനുവദിക്കും. ആഗസ്റ്റ് രണ്ടിന് ബഹ്റൈനിൽനിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും പുറപ്പെടുന്ന വിമാനങ്ങളിൽ 67 ദിനാറാണ് ടിക്കറ്റ് നിരക്ക്. ബഹ്റൈനിൽനിന്ന് പുലർച്ചെ ഒരു മണിക്ക് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 2.15ന് കോഴിക്കോട്ടേത്തും. കോഴിക്കോട് നിന്ന് ഉച്ചക്ക് 2.50ന് പുറപ്പെട്ട് രാത്രി 11.35ന് ബഹ്റൈനിൽ എത്തുന്ന വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. വേൾഡ് ട്രാവൽ സർവീസ് ആണ് ബഹ്റൈനിലെ ഇൻഡിഗോയുടെ ജനറൽ സെയിൽസ് ഏജന്‍റ്.