24 വർഷത്തെ ജയിൽവാസത്തിനു ശേഷം കണ്ണൂർ സ്വദേശിക്ക് മോചനം
സ്വദേശികൾ അടക്കമുള്ള സുഹൃത്തുക്കളാണ് പണം നൽകി ബഷീറിനെ സഹായിച്ചത്
നീണ്ട 24 വർഷക്കാലത്തെ ജയിൽ വാസത്തിനുശേഷം സീറവളപ്പിൽ ബഷീർ മോചിതനായി നാട്ടിലെത്തി. ജോലി സ്ഥലത്തിനടുത്ത് ഉണ്ടായ കലഹത്തിനിടെ സ്വദേശി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയായ ബഷീർ ബഹ്റൈനിൽ 1999ൽ ജയിലിൽ അടക്കപ്പെട്ടത്.
അന്ന് 23 വയസ്സായിരുന്നു ബഷീറിന്റെ പ്രായം. ബഷീറിന്റെ മോചനത്തിനായി സാമൂഹിക പ്രവർത്തകർ നിരവധി ഇടപെടലുകൾ നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. കൊല്ലപ്പെട്ട സ്വദേശിയുടെ ബന്ധുക്കളെ നേരിട്ടുകണ്ട് മാപ്പ് അപേക്ഷിക്കാനായി ബഷീറിന്റെ വൃദ്ധ മാതാവ് കുഞ്ഞീബി ബഹ്റൈനിലെത്തിയിരുന്നു.
സ്വദേശിയുടെ മാതാവും സഹോദരിയും മരിച്ചതിനാൽ ആ വരവും പ്രയോജനപ്പെട്ടില്ല. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുടെയും സാമൂഹിക പ്രവർത്തകരുടെയും സഹകരണത്തോടെ മോചനം സാധ്യമാക്കാൻ നിരവധിതവണ ശ്രമിച്ചു. 2015 ജനുവരിയിൽ അന്ന് വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് ബഹ്‌റൈനിൽ എത്തിയപ്പോൾ സഹോദരൻ നിവേദനം നൽകിയിരുന്നു.
2016ൽ ബഹ്‌റൈനും ഇന്ത്യയും തമ്മിൽ കുറ്റവാളികളെ കൈമാറ്റം ചെയ്യാനുള്ള നടപടികൾ അംഗീകരിച്ചപ്പോൾ നാട്ടിലെ ജയിലിലേക്ക് മാറാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, അക്കാര്യത്തിൽ തുടർനടപടികളുണ്ടായില്ല. നീണ്ട ജയിൽവാസത്തിനിടെ ബഷീറിന് മാനസിക പ്രശ്നങ്ങളുമുണ്ടായി.
ഇതിനിടെയാണ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ യാത്രചെയ്യുന്ന ദിവസം എയർപോർട്ടിൽ ബോംബ് വെച്ചതായി നാട്ടിലേക്ക് ഫോൺ സന്ദേശമെത്തിയത്. ബഹ്‌റൈൻ ജയിലിൽനിന്നാണ് കാൾ വന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ജയിൽ അധികൃതർ സാക്ഷ്യപ്പെടുത്തിയതുകൊണ്ടാണ് അന്ന് കേസിൽനിന്ന് ഒഴിവായത്.
ജയിൽ വാസത്തിനിടയിലും സാമൂഹിക പ്രവർത്തകരുമായും സുഹൃത്തുക്കളുമായും ഫോണിൽ ബന്ധപ്പെട്ടിരുന്ന ബഷീർ ജയിൽ ഉദ്യോഗസ്ഥരുമായും നല്ല ബന്ധം പുലർത്തിയിരുന്നു.
വർഷങ്ങൾ നീണ്ട ജയിൽ ജീവിതം മാനസികനില തെറ്റിച്ചെന്നും പലപ്പോഴും വിഭ്രാത്മകമായ നിലയിലായിരുന്നു താനെന്നും ബഷീർ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ജയിൽ മോചിതനായെങ്കിലും എമിഗ്രേഷനിൽ പിഴയായി 1000 ദീനാർ കെട്ടിവെക്കേണ്ടതുണ്ടായിരുന്നതിനാൽ മോചനം പിന്നെയും വൈകി.
സ്വദേശികൾ അടക്കമുള്ള സുഹൃത്തുക്കളാണ് പണം നൽകി ബഷീറിനെ സഹായിച്ചത്. ജയിലിലാകുമ്പോൾ ബഷീറിന്റെ മകന് ഒരു വയസ്സുകാരനായിരുന്നു. മകൻ ഇപ്പോൾ മുംബൈയിൽ ജോലി ചെയ്യുകയാണ്.