ബഹ്റൈൻ രാജാവ് ഈജിപ്തിൽ; വിവിധ രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
പഞ്ചരാഷ്ട്ര ഉച്ചകോടിയിൽ പങ്കെടുക്കാൻ ഈജിപ്തിലെത്തിയ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ഈജിപ്ത് പ്രധാനമന്ത്രി അബ്ദുൽ ഫതാഹ് അൽ സീസി, ജോർഡൻ രാജാവ് അബ്ദുല്ല അൽ ഥാനി ബിൻ അൽ ഹുസൈൻ എന്നിവരുമായി കൂടിക്കാഴ്ചയും ചർച്ചയും നടത്തി.
ഇറാഖ് പ്രധാനമന്ത്രി ഉച്ചകോടിക്ക് എത്തിയിരുന്നെങ്കിലും രാജ്യത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അദ്ദേഹം നാട്ടിലേക്ക് പെട്ടെന്ന് മടങ്ങുകയായിരുന്നു. വിവിധ രാജ്യങ്ങളുമായി ബന്ധം ശക്തമാക്കുന്നതിനുള്ള ചർച്ചകൾ നടന്നു. പരസ്പര ഐക്യത്തോടെ മുന്നോട്ടു പോയാൽ മേഖലയിലെ വെല്ലുവിളികൾ നേരിടാനും സമാധാനവും സുരക്ഷയും ഉറപ്പാക്കാനും സാധിക്കുമെന്ന് ഹമദ് രാജാവ് വ്യക്തമാക്കി. അറബ് രാജ്യങ്ങളുടെയും സമൂഹത്തിന്‍റെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് യോജിച്ച പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.