കഴിഞ്ഞ വര്‍ഷം ബഹ്‌റൈനില്‍ 28,000 മുനിസിപ്പല്‍ സേവനങ്ങള്‍ക്ക് അനുമതി നല്‍കി
പോയ വര്‍ഷം മുനിസിപ്പല്‍ സേവനങ്ങളുമായി ബന്ധപ്പെട്ട് 28,000 അനുമതികള്‍ നല്‍കിയതായി കാപിറ്റല്‍ മുനിസിപ്പാലിറ്റി ഡയരക്ടര്‍ മുഹമ്മദ് അല്‍സ്സഹ്ലി അറിയിച്ചു. പൊതു വഴി ഉപയോഗം, പരസ്യ ബോര്‍ഡ് സ്ഥാപിക്കല്‍, വഴിവാണിഭം, അഡ്രസ് മെറ്റല്‍ പ്ലേറ്റ് അനുവദിക്കല്‍, ഗാര്‍ഡ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കല്‍ തുടങ്ങിയ അനുമതികളാണ് നല്‍കിയത്.
സേവനങ്ങള്‍ എളുപ്പത്തിലും വേഗത്തിലുമാക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈനായാണ് അപേക്ഷ സ്വീകരിക്കുകയും ലൈസന്‍സുകള്‍ നല്‍കുകയും ചെയ്തത്. നിക്ഷേപകര്‍ക്കും പൊതുജനങ്ങള്‍ക്കും മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനും അതുവഴി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ഭാഗഭാക്കാകുന്നതിനും ഇതുവഴി സാധ്യമായിട്ടുണ്ട്.
പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനായി 2576 അനുമതികളാണ് നല്‍കിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ അനുവദിച്ചത് സെപ്റ്റംബറിലും പിന്നീട് ജൂണിലുമായിരുന്നു. കൊമേഴ്ഷ്യല്‍ രജിസ്‌ട്രേഷന്‍ അനുവദിച്ചത് 13,578 ഉം അഡ്രസ് കാര്‍ഡ് അനുവദിച്ചത് 7417 എണ്ണവും, അഡ്രസ് മെറ്റല്‍ പ്ലേറ്റ് അനുവദിച്ചത് 4181 എണ്ണവും, പൊതു വഴി ഉപയോഗത്തിന് 188 അനുമതികളും ഗാര്‍ഡ് സര്‍ട്ടിഫിക്കറ്റ് 80 എണ്ണവും സ്വദേശി വഴിവാണിഭക്കാര്‍ക്കുള്ള 13 ലൈസന്‍സുകളുമാണ് കഴിഞ്ഞ വര്‍ഷം അനുവദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.