എം.എ യൂസുഫലി ബഹ്റൈൻ കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
ലുലു ഗ്രൂപ് ചെയർമാൻ എം.എ യൂസുഫലി ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി.
വിവിധ മേഖലകളിൽ വളർച്ച കൈവരിക്കാനും അതുവഴി രാജ്യത്തിന്‍റെ സാമ്പത്തിക വികസനം ഉറപ്പാക്കാനും ഉദ്ദേശിക്കുന്നതായി കിരീടാവകാശി വ്യക്തമാക്കി. ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030 ലക്ഷ്യമിടുന്ന പദ്ധതികൾ ക്രമപ്രവൃദ്ധമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നുണ്ട്.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശങ്ങൾക്കും കാഴ്ചപ്പാടുകൾക്കും അനുസൃതമായി ബഹ്റൈൻ വികസന ലക്ഷ്യത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. റിഫ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ അദ്ദേഹം ബഹ്റൈന്റെ ആദ്യ ഗോൾഡൻ വിസ ഏറ്റുവാങ്ങി. ചില്ലറ വിതരണ മേഖലയിൽ ലുലു ഗ്രൂപിന്‍റെ സേവനം വളരെ വലുതാണെന്നും ആശംസ അറിയിക്കുന്നതായും പ്രിൻസ് സൽമാൻ വ്യക്തമാക്കി.
രാജ്യത്തിന്‍റെ സാമ്പത്തിക പുരോഗതിയിൽ സ്വകാര്യ മേഖലയുടെ പങ്ക് നിർണായകമാണ്. ബഹ്റൈന്റെ ആദ്യ ഗോൾഡൻ വിസ ലഭിച്ചതിൽ അത്യധികം സന്തോഷമുള്ളതായി എം.എ യൂസുഫലി പറഞ്ഞു. തനിക്ക് നൽകിയ മനം നിറഞ്ഞ സ്വീകരണത്തിന് പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.