അധികാരമേറ്റതിന്റെ രജത ജൂബിലി: ഹമദ് രാജാവിനെ അഭിനന്ദിച്ച് എം.എ യൂസുഫലി
ഹമദ് രാജാവിന്റെ നേതൃത്വത്തിൽ സമാനതകളില്ലാത്ത വികസനക്കുതിപ്പിലേക്കാണ് ബഹ്‌റൈൻ പൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന് യൂസുഫലി പറഞ്ഞു.
മനാമ: ഭരണനേതൃത്വം ഏറ്റെടുത്തിട്ട് 25 വർഷം പൂർത്തിയാകുന്ന ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിനെ അഭിനന്ദിച്ച് വ്യവസായിയും ലുലു ഗ്രൂപ് ചെയർമാനുമായ എം.എ യൂസുഫലി. ഹമദ് രാജാവിന്റെ നേതൃത്വത്തിൽ സമാനതകളില്ലാത്ത വികസനക്കുതിപ്പിലേക്കാണ് ബഹ്‌റൈൻ പൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന് യൂസുഫലി പറഞ്ഞു. അടിസ്ഥാനസൗകര്യ വികസനത്തിലും ജനങ്ങളുടെ ക്ഷേമത്തിലും ഏറെ ശ്രദ്ധയാണ് ഹമദ് രാജാവ് പുലർത്തുന്നത്. സമാധാനവും ജനങ്ങളുടെ ക്ഷേമവും സഹിഷ്ണുതയും അടിസ്ഥാന പ്രമാണമാക്കിയാണ് രാജ്യം പുരോഗതിയിലേക്കു കുതിക്കുന്നത്. വികസനത്തിലൂന്നിയ ഭരണനേതൃത്വത്തിന്റെ ഈ കാഴ്ചപ്പാട് ബഹ്‌റൈനിനെ ഇനിയും ബഹുദൂരം മുന്നോട്ടുനയിക്കും. ബഹ്‌റൈൻ ഭരണാധികാരിയായി 25 വർഷം തികയുന്ന ഈ അവസരത്തിൽ ഹമദ് രാജാവിനും കിരീടാവകാശി സൽമാൻ രാജകുമാരൻ, രാജകുടുംബാംഗങ്ങൾ, ബഹ്‌റൈൻ ഗവൺമെൻറ്, പൗരന്മാർ, താമസക്കാർ ഉൾപ്പെടെ എല്ലാവർക്കും ആശംസകൾ നേരുന്നതിനോടൊപ്പം കൂടുതൽ കൂടുതൽ നന്മയും സമൃദ്ധിയും ബഹ്‌റൈനിന് കൈവരട്ടെയെന്നും യൂസുഫലി അനുമോദന സന്ദേശത്തിൽ പറഞ്ഞു.