ഐ.ടി രംഗത്തെ നിക്ഷേപ സാധ്യതകള്‍ തേടി ബഹ്‌റൈനില്‍ ഐ.ടി കമ്പനി പ്രതിനിധികളുടെ കൂടിക്കാഴ്ച
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്തെ നിക്ഷേപ സാധ്യതകള്‍ തേടി ബഹ്‌റൈനിലെയും ഇന്ത്യയിലെയും ഐ.ടി കമ്പനികളുടെ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി.
ഐടി, ബിഗ് ഡേറ്റ, ഫിന്‍ടെക് എന്നീ പ്രധാന മേഖലകളിലെ ബിസിനസ്, നിക്ഷേപ സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്തു. ബഹ്റൈന്‍ ഇന്ത്യ സൊസൈറ്റിയും (ബി.ഐ.എസ്) ബഹ്റൈന്‍ ടെക്നോളജി കമ്പനീസ് സൊസൈറ്റിയും (ബിടെക്) ചേര്‍ന്ന് ഇന്ത്യന്‍ എംബസി, ബഹ്റൈന്‍ ഇക്കണോമിക് ഡെവലപ്മെന്റ് ബോര്‍ഡ് (ഇ.ഡി.ബി) എന്നിവയുമായി സഹകരിച്ചാണ് നാസ്‌കോം പ്രതിനിധികളുമായി ബി2ബി മീറ്റിങ്ങും നെറ്റ്വര്‍ക്കിങ് ഇവന്റും സംഘടിപ്പിച്ചത്. ചര്‍ച്ചയില്‍ വിദഗ്ധര്‍ ഈ രംഗത്തെ വികസന സാധ്യതകള്‍ വിലയിരുത്തി.
എച്ച്.സി.എല്‍ ടെക്നോളജീസ്, ഐ.ടി.സി ഇന്‍ഫോടെക്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, മാസ്ടെക് ലിമിറ്റഡ്, നഗരോ സോഫ്റ്റ്വെയര്‍, ആഡ്ടെക് സോഫ്റ്റ്വെയര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുള്‍പ്പെടെ പ്രമുഖ ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ പ്രതിനിധികളാണ് സംഘത്തിലുള്ളത്.
ബഹ്റൈന്‍ മുന്‍ തൊഴില്‍, സാമൂഹിക ക്ഷേമ മന്ത്രിയും ബഹ്റൈന്‍ ഇന്ത്യ സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റുമായ അബ്ദുല്‍നബി അല്‍ഷോല, ഇ.ഡി.ബി ഇന്‍വെസ്റ്റ്മെന്റ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുസാബ് അബ്ദുല്ല, ബഹ്റൈന്‍ ഇന്ത്യ സൊസൈറ്റി ചെയര്‍മാന്‍ അബ്ദുല്‍റഹ്മാന്‍ ജുമ, ബഹ്റൈന്‍ ടെക്നോളജി കമ്പനീസ് സൊസൈറ്റി ട്രഷറര്‍ റാഷിദ് അല്‍ സ്നാന്‍, എംബസി സെക്കന്‍ഡ് സെക്രട്ടറി (കൊമേഴ്സ്) രവികുമാര്‍ ജെയിന്‍, നാസ്‌കോം പ്രതിനിധി സംഘം നേതാവ് മായങ്ക് ഗൗതം, ബിടെക് ബോര്‍ഡ് അംഗം എസ്.എം ഹുസൈനി തുടങ്ങിയവര്‍ പങ്കെടുത്തു.