ബഹ്‌റൈനിലെ അടുത്ത വർഷത്തെ എഫ് വൺ മത്സരങ്ങൾ ഏപ്രിൽ 11 മുതൽ 13 വരെ
അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന കാറോട്ട മത്സരങ്ങളുടെ നാലാം ഘട്ടമായിരിക്കും ബഹ്‌റൈനിലേത്
മനാമ: ബഹ്‌റൈനിൽ അടുത്ത വർഷത്തെ ഫോർമുല വൺ മത്സരങ്ങൾ ഏപ്രിൽ 11 മുതൽ 13 വരെയായിരിക്കുമെന്ന് എഫ് വൺ സംഘാടകർ അറിയിച്ചു. മിഡിലീസ്റ്റിലെ പ്രമുഖ കാറോട്ട മത്സര വേദിയായി സഖീറിലെ ഇൻറർനാഷണൽ സർക്യൂട്ട് മാറിക്കഴിഞ്ഞിട്ടുണ്ട്. മൊത്തം 24 റൗണ്ട് മത്സരങ്ങളാണ് നടക്കുക. ഫോർമുല വൺ മത്സരങ്ങൾക്ക് തുടക്കമിട്ടതിന്റെ 75 വർഷം ആഘോഷിക്കുന്ന സന്ദർഭം കൂടിയാണ് 2025.
അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന കാറോട്ട മത്സരങ്ങളുടെ നാലാം ഘട്ടമായിരിക്കും ബഹ്‌റൈനിലേത്. ആസ്‌ത്രേലിയയിൽ മാർച്ച് 14 മുതൽ 16 വരെയും ചൈനയിൽ മാർച്ച് 21 മുതൽ 23 വരെയും ജപ്പാനിൽ ഏപ്രിൽ നാല് മുതൽ ആറ് വരെയും ബഹ്‌റൈനിൽ ഏപ്രിൽ 11 മുതൽ 13 വരെയും സൗദിയിൽ ഏപ്രിൽ 18 മുതൽ 20 വരെയും യു.എ.ഇയിൽ ഡിസംബർ അഞ്ച് മുതൽ ഏഴ് വരെയുമാണ് കാറോട്ട മത്സരങ്ങളുടെ ഷെഡ്യൂൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്.