ഫ്രാൻസിസ് മാർപാപ്പ ബഹ്‌റൈൻ സന്ദർശിക്കും
ഫ്രാൻസിസ് മാർപ്പാപ്പ സന്ദർശനത്തിനെത്തിയായി അറേബ്യൻ മണ്ണിലെത്തുന്നു. നവംബർ മൂന്ന് മുതൽ ആറു വരെ മാർപ്പാപ്പ ബഹ്‌റൈൻ സന്ദർശിക്കും. ബഹ്‌റൈൻ രാജാവിന്റെ ക്ഷണം സ്വീകരിച്ച് മാർപ്പാപ്പ രാജ്യത്തെത്തുമെന്ന് വത്തിക്കാനാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
നാലു ദിവസത്തെ സന്ദർശനത്തിൽ, ബഹ്‌റൈൻ ഫോറം ഫോർ ഡയലോഗ് കിഴക്കും പടിഞ്ഞാറും തമ്മിലുള്ള മാനവ സഹവർത്തിത്വം എന്ന പ്രമേയത്തിൽ നടത്തുന്ന സമ്മേളനത്തിലും പങ്കെടുക്കും.
ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ എന്നിവ ഉൾപ്പെടുന്ന നേർത്ത് അറേബ്യൻ അപ്പോസ്തലിക് വികാരിയത്തിന്റെ കേന്ദ്രം കൂടിയായി മാറിയ 'ഔർ ലേഡി ഓഫ് അറേബ്യ' കത്തീഡ്രൽ കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ബഹ്‌റൈനിൽ ഉദ്ഘാടനം ചെയ്തത്. മനാമയിൽനിന്ന് 20 കിലോമീറ്റർ അകലെ അവാലി മുനിസിപ്പാലിറ്റി പ്രദേശത്താണ് അറേബ്യൻ ഉപദ്വീപിലെ ഏറ്റവും വലിയ ക്രിസ്തീയ ദേവാലയം സ്ഥിതിചെയ്യുന്നത്.
ബഹ്‌റൈൻ രാജാവ് സമ്മാനിച്ച 9,000 ചതുരശ്ര മീറ്റർ സ്ഥലത്ത് പ്രവിശാലമായ കത്തീഡ്രലും വികാരിയത്തിന്റെ ആസ്ഥാന കാര്യാലയവുമുൾപ്പെടെ വിപുലമായ സൗകര്യങ്ങളുള്ള ദേവാലയമാണിത്. 2,300 വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയുന്ന കത്തീഡ്രലിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലെ അപ്പോസ്തലിക് നുൺഷ്യോ ആർച്ച് ബിഷപ് യൂജിൻ ന്യൂജന്റ്, സതേൺ അറേബ്യ വികാരി അപ്പോസ്തലിക്കയും നോർത്തേൺ അറേബ്യ വികാരിയത്തിന്റെ അഡ്മിനിസ്ട്രേറ്ററുമായ ബിഷപ് പോൾ ഹിൻഡർ എന്നിവർ സംബന്ധിച്ചിരുന്നു.