ബഹ്റൈനിൽ പാർലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ഊർജിതമായി

Update: 2022-09-19 10:06 GMT
Advertising

ബഹ്റൈനിൽ പാർലമെന്‍റ് , മുനിസിപ്പൽ തെരഞ്ഞെടുപ്പുകൾക്കുള്ള ഒരുക്കങ്ങൾ ഊർജിതമായി. തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് പ്രസിദ്ധീകരിച്ചു. നാല് ഗവർണറേറ്റുകളിലുമായി തുറന്ന സൂപ്പർവൈസറി സെന്‍ററുകൾ മുഖേനയും vote.bh എന്ന ഇലക്ഷൻ കമ്മിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലും വോട്ടർമാർക്ക് പട്ടിക പരിശോധിക്കാവുന്നതാണ്.

വോട്ടർ പട്ടികയിൽ തിരുത്തലുകൾ ആവശ്യമെങ്കിൽ വരുത്തുന്നതിന് സെപ്റ്റംബർ 21 വരെ സമയം അനുവദിച്ചിട്ടുണ്ട്. അതിനുശേഷമായിരിക്കും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക. കാപിറ്റൽ ഗവർണറേറ്റിൽ ഖവ്ല സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ്, മുഹറഖ് ഗവർണറേറ്റിൽ ഹൽ ഹിദായ ആൽ ഖലീഫ സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ്, നോർതേൺ ഗവർണറേറ്റിൽ യാത്രിബ് പ്രിപറ്റേറി സ്കൂൾ ഫോർ ഗേൾസ്, സതേൺ ഗവർണറേറ്റിൽ അൽ മുസ്തഖ്ബാൽ പ്രൈമറി സ്കൂൾ ഫോർ ഗേൾസ് എന്നിവിടങ്ങളിലാണ് സൂപ്പർവൈസറി സെന്‍ററുകൾ പ്രവർത്തിക്കുന്നത്.

കോവിഡ്19 ബാധിതരായവർക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാൻ പ്രത്യേക സൗകര്യം ഒരുക്കുമെന്ന് ഈസ കൾച്ചറൽ സെന്‍റററിൽ നടന്ന വാർത്താസമ്മേളനത്തിൽ നീതി, ഇസ്ലാമിക് കാര്യ മന്ത്രിയും തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി അധ്യക്ഷനുമായ നവാഫ് അൽ മാവ്ദ പറഞ്ഞു. രാജ്യത്തെ ജനാധിപത്യ പ്രക്രിയയിൽ പുതിയൊരു ഘട്ടത്തിനാണ് തെരഞ്ഞെടുപ്പിലൂടെ സാക്ഷ്യം വഹിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നവംബർ 12ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പ് വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ഇലക്ഷൻ കമ്മിറ്റി എക്സിക്യുട്ടീവ് ഡയരക്ടർ നവാഫ് ഹംസ പറഞ്ഞു.

സ്ഥാനാർഥികളാകാൻ താൽപര്യമുള്ളവർക്ക് ഒക്ടോബർ അഞ്ച് മുതൽ ഒമ്പത് വരെ നാമനിർദേശ പത്രിക സമർപ്പിക്കാവുന്നതാണ്. നവംബർ 12ന് രാവിലെ എട്ട് മുതൽ വൈകിട്ട് എട്ട് വരെയാണ് വോട്ടെടുപ്പ്. റീപോളിങ് ആവശ്യമായി വന്നാൽ നവംബർ 19ന് നടക്കും. വിദേശത്തുള്ളവർക്കായി അതത് രാജ്യങ്ങളിലെ ബഹ്റൈൻ എംബസി, കോൺസുലേറ്റ്, നയതന്ത്രമിഷൻ എന്നിവിടങ്ങളിൽ നവംബർ എട്ടിന് വോട്ടെടുപ്പ് നടക്കും. വോട്ടർ പട്ടിക പരിശോധിക്കാൻ വ്യാഴാഴ്ച വൈകിട്ട് അഞ്ച് മുതൽ വോട്ടർമാർ സൂപ്പർവൈസറി കേന്ദ്രങ്ങളിലെത്തി. വോട്ടർമാർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരുന്നു.    

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News