ബഹ്‌റൈനിൽ ടൂറിസ്റ്റ് വിസയിൽ വന്നശേഷം തൊഴിൽ വിസയിലേക്ക് മാറുന്നത് വിലക്കണം; ശിപാര്‍ശയുമായി എം.പി മാരുടെ സമിതി

അനധികൃത പ്രവാസി തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് കർമപദ്ധതി നടപ്പാക്കുമെന്നും ബഹ്റൈന്‍

Update: 2023-10-21 18:25 GMT
Editor : rishad | By : Web Desk
Advertising

മനാമ: ടൂറിസ്റ്റ് വിസയിൽ ബഹ്റൈനിൽ എത്തി തൊഴിൽ വിസയിലേക്ക് മാറുന്നത് തടയുമെന്ന് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി ചെയർമാനും തൊഴിൽ മന്ത്രിയുമായ ജമീൽ ഹുമൈദാൻ . അനധികൃത പ്രവാസി തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് കർമപദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയുടെ പ്രവർത്തനം സംബന്ധിച്ച് പാർലമെന്റിൽ നടന്ന ചർച്ചയിൽ സംസാരിക്കവേയാണ് ടൂറിസ്റ്റ് വിസയിൽ ബഹ് റൈനിൽ എത്തി തൊഴിൽ വിസയിലേക്ക് മാറുന്നത് തടയുമെന്ന് തൊഴിൽ മന്ത്രി വ്യക്തമാക്കിയത്. ടൂറിസ്റ്റ് വിസയിൽ ബഹ്‌റൈനിലെത്തിയശേഷം പ്രവാസികൾ തൊഴിൽ വിസയിലേക്ക് മാറുന്നത് വിലക്കണമെന്ന് എം.പിമാരുടെ സമിതി ആവശ്യപ്പെട്ടിരുന്നു.

തൊഴിൽ നിയമ ലംഘനം സർക്കാർ അനുവദിക്കുകയില്ലെന്നും പ്രവാസി തൊഴിലാളികളെ ക്യത്യമായ നിരീക്ഷണത്തിന് വിധേയമാക്കുവാൻ കർമ്മ പദ്ധതിയുണ്ടെന്നും തൊഴിൽ മന്ത്രി പറഞ്ഞു. എൽ.എം.ആർ എ യുടെ പ്രവർത്തനത്തെക്കുറിച്ച് നിർദേശങ്ങൾ സമർപ്പിക്കുവാൻ മംദൂഹ് അൽ സാലിഹ് ചെയർമാനായി രൂപീകരിക്കപ്പെട്ട എം പി മാരുടെ സമിതി 39 ശിപാർശകളാണ് അവതരിപ്പിച്ചത്.

2019 മുതൽ 2023 ജൂൺവരെ കാലയളവിൽ ടൂറിസ്റ്റ് വിസയിൽ വന്ന 85,246 പ്രവാസികൾക്ക് വിസ മാറ്റാൻ അനുമതി നൽകിയതായി കമ്മറ്റി വ്യക്തമാക്കിയിരുന്നു . രാജ്യത്ത് ഈ വർഷം ജൂൺവരെ 8598 വിസകളാണ് തൊഴിൽവിസയാക്കി മാറ്റിയിട്ടുള്ളത്. രാജ്യത്തേക്കുള്ള പ്രവേശന ചട്ടങ്ങൾ ദുരുപയോഗം ചെയ്യുന്നത് കർശനമായി തടയുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ദേശീയത, പാസ്‌പോർട്ട്, റെസിഡൻസ് അഫയേഴ്‌സ് എന്നിവയ്‌ക്കായുള്ള അണ്ടർ സെക്രട്ടറി ശൈഖ് ഹിഷാം ബിൻ അബ്ദുൾ റഹ്മാൻ ആൽ ഖലീഫ വ്യക്തമാക്കി. 

റിട്ടേൺ ടിക്കറ്റോ താമസവിസയോ മതിയായ പണമോ ഇല്ലാതെ ബഹ്‌റൈനിലേക്ക് തിരിക്കുന്ന ആരെയും കയറ്റരുതെന്ന് എയർലൈനുകളോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ചട്ടങ്ങൾ ലംഘിക്കുന്നവരെ തിരിച്ചയക്കേണ്ടത് എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ ജോലിയാണ്. നിയമങ്ങളും നിയന്ത്രണങ്ങളും കർശനമാക്കിയതിനെത്തുടർന്ന് നിയമലംഘനങ്ങളുടെ തോതിൽ 37 ശതമാനം കുറവുണ്ടായി. 

എൽ.എം.ആർ.എ, ബഹ്‌റൈൻ ടൂറിസം ആന്റ് എക്‌സിബിഷൻസ് അതോറിറ്റി എന്നിവയുമായി ബന്ധപ്പെട്ട് ദൈനംദിന പരിശോധനകൾ നടന്നുവരുന്നുണ്ടെന്നും നിയമലംഘകരെ പിടികൂടി നാടുകടത്തുമെന്നും ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി വ്യക്തമാക്കി. ഈ വർഷം ഇതുവരെ 32,000 പരിശോധന നടത്തി. 600 സംയുക്ത പരിശോധനകളും നടത്തിയതായും നിയമലംഘനം നടത്തിയ 3,700 തൊഴിലാളികളെ നാടുകടത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News