ഖത്തർ-ബഹ്റൈൻ നയതന്ത്രബന്ധം സാധാരണ നിലയിലാകും
ഖത്തറും ബഹ്റൈനും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള ചർച്ചകൾ നടന്നു. റിയാദിൽ സംഘടിപ്പിച്ച ബഹ്റൈൻ-ഖത്തർ സംയുക്ത ഫോറത്തിന്‍റെ രണ്ടാമത് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടുളളത്.
അറബ്, ജി.സി.സി രാഷ്ട്രങ്ങൾക്കിടയിൽ സഹകരണം വർധിപ്പിക്കണമെന്ന തീരുമാനത്തിന്‍റെ ഭാഗമായാണ് ഇത്തരമൊരു നീക്കം നടന്നിട്ടുള്ളത്. വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയ കാര്യ വിഭാഗം അണ്ടർ സെക്രട്ടറി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ബഹ്റൈന്റെ ഭാഗത്തു നിന്നും സംബന്ധിച്ചത്.
ഖത്തർ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ഡോ. അഹ്മദ് ബിൻ ഹസൻ അൽ ഹമ്മാദിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഖത്തറിനെ പ്രതിനിധീകരിച്ചത്. നയതന്ത്രബന്ധം സാധാരണ നിലയിലാക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട വിശദമായ ചർച്ചകൾ നടക്കുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇത് പ്രയോഗത്തിൽ വരുമെന്നാണ് കരുതുന്നത്.