ബഹ്‌റൈനില്‍ പ്രത്യേക പരിചരണമാവശ്യമുള്ള കുട്ടികൾക്കായി സ്​കൂൾ ഒരുങ്ങുന്നു

Update: 2022-01-20 15:32 GMT
Advertising

ബഹ്‌റൈനില്‍ പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികൾക്കായി സ്​കൂൾ നിർമിക്കുന്നു. അവാലിയിൽ നിർമിക്കാനുദ്ദേശിക്കുന്ന സ്​കൂളി​ന്‍റെ ശിലാസ്​ഥാപനം കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി മാജിദ്​ ബിൻ അലി അന്നുഐമി നിർവഹിച്ചു.

രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫയുടെ ഭരണ കാലത്ത്​ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെ നിർദേശപ്രകാരം പ്രത്യേക പരിചരണമാവശ്യമുള്ള കുട്ടികൾക്ക്​ പരിഗണനയും ശ്രദ്ധയും കൂടുതൽ നൽകാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു. അവാലി നാഷണൽ സ്​കൂൾ എന്ന പേരിൽ സ്​ഥാപിക്കുന്ന സ്​കൂളിൽ 1200 കുട്ടികൾക്ക്​ പഠിക്കാൻ സാധിക്കും.

ആലിയ നാഷണൽ സ്​കൂൾ സ്​ഥാപകയും ബഹ്​റൈൻ സൊസൈറ്റി ഫോർ ചിൽഡ്രൻ വിത്​ ഡിഫിക്കൽറ്റി ഇൻ ബിഹേവിയർ ആന്‍റ്​ കമ്യൂണിക്കേഷൻ ചെയർപേഴ്​സനുമായ ഡോ. റാനിയ ബിൻത്​ അലി ആൽ ഖലീഫയടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ശിലാസ്​ഥാപന ചടങ്ങ്​.

2006 ൽ സ്​ഥാപിതമായ ആലിയ സ്​കൂളിനാവശ്യമായ പിന്തുണയും സഹായവും മന്ത്രാലയം നൽകിക്കൊണ്ടിരിക്കുന്നതായി മന്ത്രി വ്യക്​തമാക്കി. സമൂഹത്തിൽ അവഗണിക്കപ്പെടാൻ സാധ്യതയുള്ള ഇത്തരം കുട്ടികളെ എല്ലാ മേഖലകളിലും കഴിവുറ്റവരാക്കി വളർത്തിയെടുക്കുകയെന്നത്​ വെല്ലുവിളിയാണ്​. സാധാരണ സ്​കൂളുകളിൽ ചേർത്ത്​ മറ്റുള്ളവരോടൊപ്പം എത്തിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്​. ഇവ​ർക്ക്​​ കോവിഡ്​ കാലത്ത്​ ഓൺലൈനിൽ ക്ലാസ്​ നൽകുന്നതിനായി പരിശീലനം സിദ്ധിച്ച 28 അധ്യാപകരെ നിജപ്പെടുത്തുകയും ചെയ്​തിട്ടുണ്ട്​.

നിലവിൽ ആലിയ സ്​കൂളിൽ 450 കുട്ടികളാണ്​ പഠിക്കുന്നത്​. പുതിയ സ്​കൂൾ നിലവിൽ വരുന്നതോടെ കൂടുതൽ വിദ്യാർഥികൾക്ക്​ മെച്ചപ്പെട്ട വിദ്യാഭ്യാസവും പരിശീലനവും നൽകാൻ സാധിക്കുമെന്ന്​ പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News