23 വർഷമായി നാട്ടിൽ പോകാനാവാതിരുന്ന തമിഴ്നാട് സ്വദേശിയെ യാത്രയാക്കി

Update: 2023-08-13 21:27 GMT
Advertising

23 വർഷമായി നാട്ടിലേക്ക് മടങ്ങാനാവാതെ ബഹ്റൈനിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശിയെ അണ്ണൈ തമിൾ മൺട്രം പ്രവർത്തകർ നാട്ടിലേക്കയച്ചു. തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി സ്വദേശി കേശവൻ 2000ലാണ് നിർമാണ ജോലികൾക്കായി ബഹ്‌റൈനിലെത്തിയത്. ശരിയായ ജോലിയോ ശമ്പളമോ കിട്ടാതെ കഷ്ടപ്പെട്ടു.

പിന്നീട് ജോലി നഷ്ടപ്പെടുകയും ചെയ്തു.റസിഡന്റ് കാർഡും കാലാവധി കഴിഞ്ഞ പാസ്പോർട്ടും പുതുക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ വലിയ കഷ്ടത്തിലായിരുന്നു. കുടുംബം ഇക്കാര്യം അണ്ണൈ തമിൾ മൺട്രം പ്രവർത്തകരെ അറിയിക്കുകയായിരുന്നു. തുടർന്ന് പ്രസിഡന്റ് സെന്തിൽ ജി.കെ, ജനറൽ സെക്രട്ടറി ഡോ. താമരക്കണ്ണൻ എന്നിവരുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഭാരവാഹികൾ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ രേഖകൾ പുതുക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കി.

23 വർഷത്തിനുശേഷം മതിയായ രേഖകളില്ലാതെ പാസ്‌പോർട്ട് പുതുക്കുന്നതിൽ പലതരം പ്രശ്‌നങ്ങൾ നേരിട്ടു. അണ്ണൈ തമിൾ മൺട്രം അഡ്മിനിസ്‌ട്രേറ്റർ പളനിച്ചാമി ചെന്നൈ പാസ്‌പോർട്ട് ഓഫിസുമായും കള്ളക്കുറിച്ചി ജില്ല കലക്ടറുമായും ജില്ല സൂപ്രണ്ടുമായും ബന്ധപ്പെട്ട് എല്ലാ രേഖകളും ശേഖരിച്ചു.

ഒമ്പത് മാസത്തെ ശ്രമത്തിനൊടുവിൽ തമിഴ്‌നാട് സർക്കാറിന്റെ സഹായത്തോടെ രേഖകൾ ലഭിച്ചു. ബഹ്‌റൈൻ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചതിനെ തുടർന്ന് കേശവൻ സുരക്ഷിതനായി വീട്ടിലെത്തി. അണ്ണൈ തമിൾ മൺട്രം, ഇന്ത്യൻ എംബസി, ബഹ്‌റൈൻ, തമിഴ്‌നാട് സർക്കാറുകൾ എന്നിവരോട് കേശവന്റെ കുടുംബം നന്ദി അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News