ബഹ്റൈൻ നയതന്ത്ര മേഖലയിൽ കൈവരിച്ച നേട്ടം ആശാവഹമെന്ന്
നയതന്ത്ര മേഖലയിൽ കഴിഞ്ഞ 50 വർഷത്തിനിടെ ബഹ്റൈൻ കൈവരിച്ച നേട്ടം ആശാവഹമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജനുവരി 14 നയതന്ത്ര ദിനമായി ആചരിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയം പ്രത്യേക പ്രസ്താവന ഇറക്കിയത്.
2019 ലാണ് ജനുവരി 14 നയതന്ത്ര ദിനമായി ആചരിക്കാൻ ഹമദ് രാജാവ് ഉത്തരവിട്ടത്. 1969 ൽ വിദേശകാര്യ മന്ത്രാലയം സ്ഥാപിക്കുകയും പൂർണ രാഷ്ട്രമായി യു.എൻ ബഹ്റൈനെ അംഗീകരിക്കുകയും ചെയ്തു. പോയ വർഷങ്ങളിൽ വിദേശകാര്യ മന്ത്രാലയം നടത്തിയ ഇടപെടലുകളും പ്രവർത്തനങ്ങളും മൂലം വിവിധ രാജ്യങ്ങളുമായി മെച്ചപ്പെട്ട നയതന്ത്ര ബന്ധം സ്ഥാപിക്കാൻ ബഹ്റൈന് സാധിച്ചിട്ടുണ്ട്. വിദേശകാര്യ നയത്തിൽ കൃത്യത വരുത്തുകയും അതിന് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം ലഭിക്കുകയും ചെയ്തു. രാജ്യത്തിന്‍റെ സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കാനും പുറം രാജ്യങ്ങളിൽ ഖ്യാതി പരത്താനും സാധ്യമായതും ശ്രദ്ധേയമാണ്.
വിവിധ വിഷയങ്ങളിൽ ബഹ്റൈൻ സ്വീകരിച്ചു കൊണ്ടിരിക്കുന്ന നിലപാടുകളും ലോക സമാധാനത്തിന് മുന്നോട്ടു വെച്ച നിർദേശങ്ങളും പരക്കെ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ അന്താരാഷ്ട്ര വേദികളും സംവിധാനങ്ങളുമായി അർഥപൂർണമായ സഹകരണം സാധ്യമാക്കാനും വ്യത്യസ്ത പദ്ധതികൾ അവയുമായി സഹകരിച്ച് നടപ്പാക്കാനും കഴിഞ്ഞത് നേട്ടമാണ്.
അറബ്, ഇസ്ലാമിക ലോകത്തെ വിഷയങ്ങളിൽ പ്രതിരോധപരമായ നിലപാട് സ്വീകരിക്കുന്നതിൽ മുൻപന്തിയിലാണ് ബഹ്റൈൻ. അറബ്, ഇസ്ലാമിക, ജി.സി.സി രാജ്യങ്ങളിലെ വിഷയങ്ങളിൽ ശക്തമായ സാന്നിധ്യമായി വർത്തിക്കാൻ പോയ വർഷം സാധിച്ചിരുന്നു. സുരക്ഷ, സമാധാനം എന്നിവ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ അന്താരാഷ്ട്ര കൂട്ടായ്മകളും വേദികളുമായി സഹകരണം ശക്തിപ്പെടുത്താനും കഴിഞ്ഞു. ഡിസംബർ 14 ന് നടന്ന ജി.സി.സി ഉച്ചകോടിയിൽ ഹമദ് രാജാവ് പങ്കെടുക്കുകയും വിവിധ വിഷയങ്ങളിൽ യോജിച്ച നീക്കത്തിന് തീുരമാനമെടുക്കുകയും ചെയ്തു.
സൗദിയുമായി സവിശേഷ ബന്ധം ശക്തിപ്പെട്ട വർഷം കൂടിയായിരുന്നു 2021. ചരിത്രപരമായ ഒേട്ടറെ സഹകരണ കരാറുകളിൽ ഒപ്പുവെക്കുകയും സഹകരണ നിക്ഷേപ സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്തു. യു.എ.ഇയുമായും ബന്ധം കൂടുതൽ രൂഢമൂലമാക്കാൻ പോയ വർഷം സാധിച്ചിട്ടുണ്ട്. കരാറുകളിലൂടെ വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ തീരുമാനമെടുത്തു. സൈനിക, സുരക്ഷാ, തൊഴിൽ മേഖലകളിൽ സഹകരണക്കരാർ രൂപപ്പെടുത്തുകയും സാമ്പതിക സഹകരണം സാധ്യമാക്കുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ യു.എൻ അടക്കമുള്ള വിവിധ അന്താരാഷ്ട്ര വേദികളുമായി സഹകരിച്ച് പുതിയ പദ്ധതികൾ നടപ്പാക്കുന്നതിന് തുടക്കമിട്ടിട്ടുണ്ട്. കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് പോയ വർഷം ഗ്ലാസ്കോയിൽ നടന്ന യു.എൻ സമ്മേളനത്തിൽ പങ്കെടുക്കുകയും എടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
സെർബിയൻ പ്രസിഡന്‍റ്, സൈപ്രസ് പ്രസിഡന്‍റ് എന്നിവരുടെ ബഹ്റൈൻ സന്ദർശനം ശ്രദ്ധേയമായ കാര്യങ്ങളായിരുന്നു. വിദേശകാര്യ മന്ത്രാലയം പുന:സംഘടിപ്പിച്ചതും കഴിഞ്ഞ വർഷം തന്നെയാണ്. രാഷ്ട്രീയ മേഖലയിലെ അടിസ്ഥാനങ്ങൾ, മനുഷ്യാവകാശ സംരക്ഷണം, സുരക്ഷ, സുസ്ഥിര വികസന ലക്ഷ്യം നേടൽ, പരിസ്ഥിതി സംരക്ഷണം എന്നിവക്ക് പ്രത്യേക വിഭാഗങ്ങൾ മന്ത്രാലയത്തിൽ ആരംഭിക്കുകയും ചെയ്തതും നേട്ടമാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.